താരിഫില്‍ ഉലഞ്ഞ് ഇന്ത്യ-യുഎസ് ബന്ധം, പിന്നാലെ പാക് സൈനിക മേധാവി വീണ്ടും അമേരിക്കയിലേക്ക്; 2 മാസത്തിനിടെ സന്ദര്‍ശനം രണ്ടാം തവണ

പാകിസ്ഥാൻ സൈനിക മേധാവി ഫീല്‍ഡ് മാർഷല്‍ അസിം മുനീർ ഈ മാസം വീണ്ടും യുഎസ് സന്ദർശിക്കാനൊരുങ്ങുന്നു.

രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹം വാഷിംഗ്ടണിലേക്ക് പോകുന്നത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുന്നതിന്‍റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

യുഎസ് സെൻട്രല്‍ കമാൻഡ് (സെന്‍റ്കോം) കമാൻഡർ ജനറല്‍ മൈക്കിള്‍ കുറില്ലയുടെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാനാണ് മുനീർ എത്തുന്നത്. ഭീകരവാദ വിരുദ്ധ പോരാട്ടത്തില്‍ പാകിസ്ഥാൻ അസാധാരണമായ പങ്കാളിയാണെന്ന് കുറില്ല നേരത്തെ വിശേഷിപ്പിച്ചിരുന്നു. മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന 4സ്റ്റാർ ആർമി ജനറലായ കുറില്ല ഈ മാസമാണ് വിരമിക്കുന്നത്. യുഎസ് നല്‍കിയ ഇന്‍റലിജൻസ് വിവരങ്ങള്‍ ഉപയോഗിച്ച്‌ അഞ്ച് ഐഎസ്‌ഐഎസ്-ഖൊറാസാൻ (ISIS-K) ഭീകരരെ പിടികൂടിയതിന് കുറച്ച്‌ മാസങ്ങള്‍ക്ക് മുൻപ് കുറില്ല പാകിസ്ഥാനെ പ്രശംസിച്ചിരുന്നു.

"ഭീകരവാദ വിരുദ്ധ പോരാട്ടത്തില്‍ പാകിസ്ഥാൻ ഒരു അസാധാരണ പങ്കാളിയാണ്. അതുകൊണ്ടാണ് പാകിസ്ഥാനും ഇന്ത്യയുമായി നമുക്ക് ബന്ധം ആവശ്യമായി വരുന്നത്" - ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിക്ക് മുമ്ബാകെ നടന്ന ഹിയറിംഗില്‍ കുറില്ല പറഞ്ഞു. ലോകത്തിന് മുന്നില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്‍റെ പങ്ക് തുറന്നുകാട്ടാൻ ഇന്ത്യ ശ്രമിക്കുന്ന സമയത്ത്, യുഎസിന്‍റെ ഭാഗത്തുനിന്നുണ്ടായ ഈ പ്രശംസ.

സെന്‍റ്കോം തലവന്‍റെ ഈ വാക്കുകള്‍ ഇന്ത്യയെയും പാകിസ്ഥാനെയും ഒരുമിച്ച്‌ കാണുന്ന പഴയ പടിഞ്ഞാറൻ നയങ്ങളിലേക്കുള്ള തിരിച്ചുപോക്കായി വ്യാഖ്യാനിക്കപ്പെട്ടു. ഇതിനുള്ള പ്രത്യുപകാരമെന്നോണം, ജൂലൈയില്‍ ഇസ്ലാമാബാദ് സന്ദർശിച്ച ജനറല്‍ കുറില്ലയ്ക്ക് പാകിസ്ഥാൻ തങ്ങളുടെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നായ 'നിഷാൻ-ഇ-ഇംതിയാസ്' നല്‍കി ആദരിച്ചിരുന്നു.

ഈ സംഭവവികാസങ്ങളെല്ലാം പാകിസ്ഥാനും യുഎസും തമ്മിലുള്ള സൈനികവും തന്ത്രപരവുമായ ബന്ധം വളരുന്നുവെന്ന് സൂചിപ്പിക്കുന്നു. ജൂണില്‍, പഹല്‍ഗാം ഭീകരാക്രമണത്തിനും ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനും ശേഷം പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി മുനീർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു യുഎസ് പ്രസിഡന്‍റ്, സർക്കാർ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ഒരു പാകിസ്ഥാൻ സൈനിക നേതാവിനെ സ്വീകരിക്കുന്നത് ചരിത്രത്തില്‍ ആദ്യമായായിരുന്നു. മെയ് മാസത്തിലെ സംഘർഷങ്ങള്‍ക്കിടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കങ്ങള്‍ ലഘൂകരിക്കുന്നതില്‍ മുനീർ വഹിച്ച പങ്കിനെയും ട്രംപ് പരസ്യമായി അഭിനന്ദിച്ചിരുന്നു.
Previous Post Next Post