അമീബിക്ക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് 18 പേര്‍ ചികിത്സയില്‍, ഈ വര്‍ഷം രോഗം ബാധിച്ചത് 41 പേര്‍ക്ക്

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ 18 പേര്‍ ചികിത്സയില്‍. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിന് ശേഷമാണ് സംസ്ഥാനത്തെ രോഗ ബാധയുടെ കണക്കുകള്‍ പങ്കുവച്ചത്.

ഈ വര്‍ഷം ഇതുവരെ 41 അമീബിക്ക് മസ്തിഷ്‌ക ജ്വരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗം ബാധിച്ചവര്‍ക്ക് ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

രോഗ ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുകയും ക്ലോറിന്‍ അളവുകള്‍ പരിശോധിച്ച്‌ ഉറപ്പ് വരുത്തേണ്ടതുമാണ്. ഇത് പാലിക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കും. കുടിവെള്ള സ്രോതസുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ച്‌ ഉറപ്പ് വരുത്തണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ജലവിഭവ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ ക്യാംപയിനില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും പങ്കെടുക്കണം എന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഓഗസ്റ്റ് 30, 31 (ശനി, ഞായര്‍) ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകള്‍ തേച്ച്‌ കഴുകി വൃത്തിയാക്കുകയും ചെയ്യണം. വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഫ്ളാറ്റുകള്‍ തുടങ്ങി എല്ലായിടത്തേയും ജലസംഭരണ ടാങ്കുകള്‍ വൃത്തിയാക്കണം എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Previous Post Next Post