കുവൈത്ത് സിറ്റി : കുവൈത്തിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നു. 10 നേപ്പാൾ സ്വദേശികൾ ദുരന്തത്തിൽ മരിച്ചതായി എംബസി അറിയിച്ചു. കണ്ണൂർ സ്വദേശി പി സച്ചിന്റെ മരണം കഴിഞ്ഞ ദിവസം അധികൃതർ സ്ഥിരീകരിച്ചിരുന്നു. മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ചു. 3 വർഷമായി കുവൈത്തിൽ ജോലി ചെയ്തു വരുക ആയിരുന്നു സച്ചിൻ.
അതേസമയം ചികിത്സയിലുണ്ടായിരുന്ന 5 മലയാളികൾ കൂടി മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്ത് വിടുന്നതിൽ കുവൈത്ത് അധികൃതർ തയ്യാറായിട്ടില്ല. നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇന്ത്യൻ എംബസിയും മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിച്ചിട്ടില്ല.
നേപ്പാൾ സ്വദേശികളായ 35 പേരാണ് വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയത്. ഇവരിൽ 10 പേർ മരിച്ചതായി കുവൈത്തിലുള്ള നേപ്പാൾ എംബസി അധികൃതർ സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് നേപ്പാൾ എംബസിയുടെ +96561008956 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് 16 നേപ്പാൾ സ്വദേശികൾ മരിച്ചതായി ഫെഡറേഷൻ ഓഫ് നേപ്പാളി ജേർണലിസ്റ്റ് എന്ന സംഘടനാ രംഗത്ത് എത്തി. വിഷ മദ്യവുമായി ബന്ധപ്പെട്ട് കുവൈത്തിൽ മരിക്കുന്ന നേപ്പാൾ സ്വദേശികളുടെ എണ്ണം വർധിച്ചതായും പൗരന്മാർ ജാഗ്രത പുലർത്തണമെന്നും സംഘടനാ അഭ്യർത്ഥിച്ചു.
വിഷ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് 160 പേരാണ് ചികിത്സ തേടിയത്. ഇതിൽ 23 പേർ മരിച്ചതായും നിരവധിപ്പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നതായും കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ വ്യപകമായി പരിശോധന നടത്തുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വ്യാജമദ്യ നിർമാണ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് ഏഷ്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാരാന്ത്യ അവധിയിലേക്ക് കടക്കും മുൻപ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി കൂടുതൽ മൃതദേഹങ്ങൾ വിട്ടു നൽകാൻ കുവൈത്ത് അധികൃതർ നീക്കം തുടങ്ങിയിട്ടുണ്ട്.