കീം : സര്‍ക്കാര്‍ അപ്പീലിന് ഇല്ല; വിധി നടപ്പാക്കിയെന്ന് സുപ്രീംകോടതിയെ അറിയിക്കും

കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. നിലപാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഇന്നലെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

പ്രവേശന നടപടികള്‍ ആരംഭിച്ച ഘട്ടമായതിനാലാണ് സര്‍ക്കാരിന്റെ തീരുമാനം. പ്രവേശന നടപടികള്‍ തടസ്സപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. എഐസിടിഇ നിശ്ചയിച്ച സമയപരിധി കര്‍ശനമായി പാലിക്കണമെന്നതും അപ്പീലിന് പോകാത്തതിന് പിന്നിലെ കാരണമാണ്. പ്രവേശന നടപടികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ നിയമപരമായ ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കും. റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി ഇന്നു പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം.

റാങ്ക് പട്ടിക റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നതിനു പിന്നാലെ, റാങ്ക് പുനഃക്രമീകരിച്ച്‌ പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. പ്രവേശന നടപടികള്‍ ആരംഭിക്കുകയും ചെയ്തു. അലോട്ട്‌മെന്റു നടപടികളുടെ ഭാഗമായി ഓപ്ഷന്‍ നല്‍കുന്നതിലേക്ക് അടക്കം കടക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അപ്പീല്‍ നല്‍കിയ നിയമപോരാട്ടം നീളുന്നത് പ്രതിസന്ധിയായേക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് ഇല്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആ ബിന്ദു വ്യക്തമാക്കിയിരുന്നു.

അവസാന നിമിഷം പ്രോസ്പെക്ടസില്‍ മാറ്റം വരുത്തിയത് എന്തിനെന്ന് സുപ്രീംകോടതി ഇന്നലെ ചോദിച്ചിരുന്നു. എന്നാല്‍ പ്രവേശന പരീക്ഷാ പ്രൊസ്പെക്ടസില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് സ്റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികളുടെ വാദം. 14 വര്‍ഷമായി നിലനിന്ന അനീതി ഇല്ലാതാക്കുകയാണ് സിലബസ് പരിഷ്‌കരണത്തിലൂടെ ചെയ്തത്. സിബിഎസ്‌ഇ സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കുന്ന പഴയ പ്രൊസ്പെക്ടസ് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ് എന്നുമാണ് ഹര്‍ജിക്കാരുടെ വാദം. തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുത് എന്നാവശ്യപ്പെട്ട് സിബിഎസ്‌ഇ സിലബസ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും.
Previous Post Next Post