മനുഷ്യ-വന്യജീവി സംഘർഷം: നിയമനിർമ്മാണത്തിന് സർക്കാർ; കരട് തയ്യാറായി വരുന്നതായി മന്ത്രി ശശീന്ദ്രൻ

തിരുവനന്തപുരം: മനുഷ്യ- വന്യജീവി സംഘർഷം തടയുന്നതിനുള്ള പുതിയ നിയമത്തിന്റെ കരട് തയ്യാറായി വരുന്നതായി വനം മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാനത്തിന് നിയമനിർമ്മാണം നടത്താനാകുമോയെന്ന് പരിശോധിക്കാൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഡ്വക്കേറ്റ് ജനറലുമായി ചർച്ച നടത്തി. കൺകറന്റ് ലിസ്റ്റ് ആയതിനാൽ, ആ പഴുത് ഉപയോഗിച്ച് നിയമനിർമ്മാണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് ഉപദേശം ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ കരട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അടുത്തു ചേരുന്ന മന്ത്രിസഭായോഗത്തിൽ കരട് നിയമം സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.


മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പുതിയ നിയമം രൂപീകരിക്കാൻ തീരുമാനിച്ചത്. അടുത്ത മാസം ചേരുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. നിലവിൽ നിലനിൽക്കുന്ന കേന്ദ്രനിയമങ്ങളും അതിലെ ചട്ടങ്ങളും കേരളത്തിൽ പ്രായോഗികമല്ലെന്നും, സംസ്ഥാനത്തിന് തിരിച്ചടിയാണെന്നും വ്യാപക വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വനുഷ്യ- വന്യജീവി സംഘർഷം കൂടുതൽ ലഘൂകരിക്കാനും, മനുഷ്യർക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന തരത്തിലും നിയമം രൂപീകരിക്കാൻ തയ്യാറെടുക്കുന്നത്.


നിലവിലെ നിയമങ്ങൾ വന്യജീവികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലാണുള്ളത്. പുതിയ നിയമത്തിൽ അതിൽ മാറ്റം ഉണ്ടാകുമെന്ന് മന്ത്രി സൂചിപ്പിച്ചു. എന്നാൽ പുതിയ കരട് നിയമത്തിൽ മന്ത്രിസഭയിലും ഇടതുമുന്നണിയിലും കൂടുതൽ ചർച്ചകൾ ഉണ്ടാകും. പൊതു സമൂഹത്തിന്റെ കൂടി അഭിപ്രായങ്ങൾ കണക്കിലെടുത്ത ശേഷമാകും ബില്ലിന്റെ രൂപത്തിൽ നിയമസഭയിൽ അവതരിപ്പിക്കുകയെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.


വന്യജീവി സംഘർഷം ചർച്ച ചെയ്യാനായി അടിയന്തര നിയമസഭ സമ്മേളനം വിളിച്ചു ചേർക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആവശ്യപ്പെട്ടിരുന്നു. വന്യജീവികളും തെരുവ് നായകളും ഉയർത്തുന്ന ഭീഷണി മൂലം സംസ്ഥാനത്ത് പല പ്രദേശങ്ങളിലും ആളുകൾക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയുന്നില്ല. പൊതുജന സുരക്ഷ ഉറപ്പാക്കാൻ, നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തുകയും പുതിയ നിയമനിർമ്മാണം നടത്തുകയും ചെയ്യേണ്ടത് ആവശ്യമാണ് . ജല്ലിക്കെട്ട് സുപ്രീംകോടതി നിരോധിച്ചപ്പോൾ തമിഴ്‌നാട് സർക്കാർ വളരെപ്പെട്ടെന്നു തന്നെ നിയമം പാസ്സാക്കി. അതുപോലെ, മനുഷ്യ-മൃഗ സംഘർഷത്തിന്റെയും തെരുവ് നായ്ക്കളുടെ ശല്യത്തിന്റെയും വെല്ലുവിളികൾ ഫലപ്രദമായി നേരിടുന്നതിന് സംസ്ഥാന സർക്കാർ മൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യണം എന്നാണ് ജോസ് കെ മാണി ആവശ്യപ്പെട്ടത്.

Previous Post Next Post