തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ആരവത്തിലേക്ക് കേരളം അടുക്കുന്നു. ഒക്ടോബർ അവസാനത്തോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുമെന്നാണ് അറിയുന്നത്. ഡിസംബറിലാണ് പുതിയ ഭരണസമിതി നിലവിൽവരിക. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പുതിയ ഭരണസമിതികൾ നിലവിൽ വരുന്നതായിരുന്നു കീഴ് വഴക്കം. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിലേക്ക് നീണ്ടു.അതിനാൽ ഡിസംബർ 20ന് നിലവിലെ ഭരണസമിതികളുടെ കാലാവധി അവസാനിക്കുന്ന മുറക്ക് 21ന് പുതിയ ഭരണസമിതി ചുമതലയേൽക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ മുൻകൂട്ടി കണ്ടുള്ള ക്രമീകരണങ്ങളാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിവരുന്നത്. കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് ,പഞ്ചായത്ത് എന്നീ തലങ്ങളിലെ വാർഡ് വിഭജനം പൂർത്തിയായി.
14 ജില്ല പഞ്ചായത്തുകളിലെ വാർഡ് വിഭജനമാണ് ഇനി പൂർത്തിയാകാനുള്ളത്. ഇതിൻറെ കരട് റിപ്പോർട്ട് 21ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ എ. ഷാജഹാൻ അറിയിച്ചു.14 ജില്ല പഞ്ചായത്തുകളിലായി 15 വാർഡുകളാണ് വർധിക്കുക. നിലവിലെ 331 വാർഡുകൾ 346 ആയി വർധിക്കും. 152 ബ്ലോക്ക് പഞ്ചായത്തുകളുടെ വാർഡ് വിഭജനത്തിന്റെ അന്തിമവിജ്ഞാപനം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. 187 വാർഡുകളാണ് ഇവിടെ കൂടിയത്. ആകെ വാർഡുകൾ 2080ൽനിന്ന് 2267 ആയി വർധിച്ചു.
941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാർഡുകൾ ഉണ്ടായിരുന്നത് 17,337 ആയാണ് കൂടിയത്. 1375 വാർഡുകളാണ് കൂടിയത്. 87 മുനിസിപ്പാലിറ്റികളിൽ 128 വാർഡുകൾ പുതുതായി നിലവിൽവന്നു. 3113ൽനിന്ന് 3241 ആയി ഇത് വർധിച്ചു. ആറ് കോർപറേഷനുകളിൽ ഏഴു വാർഡുകളും കൂടി. 414ൽ നിന്ന് 421 ആയാണ് വർധിച്ചത്.വോട്ടർപട്ടിക പുതുക്കലും വേഗം പൂർത്തിയാക്കാനാണ് തീരുമാനം.
പഞ്ചായത്ത് തലത്തിലെ ഒരുപോളിങ് ബൂത്തിൽ 1300 വോട്ടർമാരും കോർപറേഷനിൽ 1600 വോട്ടർമാരുമാണുള്ളത്. സുഗമമായി വോട്ട് രേഖപ്പെടുത്തുന്നതിനും കള്ളവോട്ട് തടയാനുമായി വോട്ടർമാരുടെ എണ്ണം 1100 ആയി നിജപ്പെടുത്തണമെന്ന ആവശ്യം കോൺഗ്രസും മുസ്ലിം ലീഗും ബി.ജെ.പിയും ഉന്നയിച്ചിട്ടുണ്ട്.
എന്നാൽ, വോട്ടർമാരുടെ എണ്ണം കുറച്ചാൽ കൂടുതൽ പോളിങ് ബൂത്തുകൾ ക്രമീകരിക്കേണ്ടി വരുമെന്നും ഇത് അധിക ചെലവാകുമെന്നുമാണ് കമ്മീഷന്റെ വിലയിരുത്തൽ. ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുമായുള്ള ചർച്ചയിൽ അന്തിമ തീരുമാനം കൈക്കൊള്ളും.