തിരുവനന്തപുരം/കോഴിക്കോട്/കണ്ണൂർ: സംസ്ഥാനത്തെ സർവ്വകലാശാലകളെ ചാൻസലർ കൂടിയായ ഗവർണർ കാവിവൽക്കരിക്കുന്നുവെന്ന് ആരോപിച്ച് ഇടത് യുവജന വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന പ്രതിഷേധം സംഘർഷത്തിൽ. തിരുവനന്തപുരത്ത് കേരളാ സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐയുടെ വൻ പ്രതിഷേധം. കേരളാ സർവകലാശാല റജിസ്ട്രാർക്കെതിരായ ഗവർണറുടേയും വിസിയുടേയും നടപടിയടക്കം ചോദ്യംചെയ്താണ് എസ് എഫ് ഐ പ്രതിഷേധ മാർച്ച് നടത്തുന്നത്. സർവകലാശാല കവാടം തള്ളിത്തുറന്ന് ആസ്ഥാനത്തേക്ക് കയറിയ എസ് എഫ് ഐ പ്രവർത്തകർ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിക്കുകയാണ്. വിസിയുടേ ചേംബറിന് അടുത്ത് വരെ പ്രവർത്തകരെത്തി.
ഇതുവരെയും സമരക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം പൊലീസ് നടത്തിയിട്ടില്ല. സർവകലാശാല ആസ്ഥാനം മുദ്രാവാക്യം വിളികളിൽ മുങ്ങിയിരിക്കുകയാണ്. ഓഫീസ് പ്രവർത്തനം സ്തംഭിപ്പിച്ചാണ് എസ് എഫ് ഐ പ്രതിഷേധം.
കണ്ണൂരും കോഴിക്കോട്ടും പ്രതിഷേധം
ഇന്ന് കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലേക്കും രാവിലെ എസ്എഫ്ഐ നടത്തിയ മാർച്ച് നടത്തി. കോഴിക്കോടും കണ്ണൂരും പോലീസ് ബാരിക്കേഡ് മറികടന്ന പ്രവർത്തകർ സർവകലാശാല കെട്ടിടത്തിനകത്തേക്ക് കയറി.ഇവിടെയും പൊലീസിൻറെ ഭാഗത്ത് നിന്ന് സമരക്കാർക്കു നേരെ കാര്യമായ ചെറുത്ത് നിൽപ്പുണ്ടായില്ലെന്നത് ശ്രദ്ധേയമാണ്.