വി എസ് അച്യുതാനന്ദന് പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ ഉറങ്ങുന്ന വലിയ ചുടുകാട്ടില്‍ ഇന്ന് അന്ത്യവിശ്രമം.


സമാനതകളില്ലാത്ത ധീരസമരനായകൻ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആലപ്പുഴയില്‍ പുന്നപ്ര വയലാർ രക്തസാക്ഷികള്‍ ഉറങ്ങുന്ന വലിയ ചുടുകാട്ടില്‍ ഇന്ന് അന്ത്യവിശ്രമം.

ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര രാത്രി പത്തുമണിക്ക് ആലപ്പുഴയില്‍ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തില്‍ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകള്‍ വൈകി. കനത്ത മഴയെ പോലും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പാതിരാനേരത്തും കാത്തുനിന്നത്.

വി എസുമായി ഏറെ വൈകാരിക ബന്ധമുള്ള നാടായ കൊല്ലത്തേക്ക് വിലാപയാത്ര പ്രവേശിച്ചപ്പോള്‍ നേരം അർദ്ധരാത്രി കഴിഞ്ഞിട്ടും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വൻജനാവലിയാണ് കണ്ണേ.. കരളേ വി എസ്സേ എന്ന് മുദ്രാവാക്യം മുഴക്കി കാത്തുനിന്നത്. കനത്ത മഴ കണ്ടില്ലെന്ന് വച്ച്‌ വി എസ്സിനെ വഹിച്ചുകൊണ്ടുള്ള വാഹനത്തില്‍ ഒരു വട്ടമെങ്കിലും തൊടാൻ, പ്രിയ സഖാവിനെ അവസാനമായി ഒരു നോക്കെങ്കിലും കാണാൻ കണ്ണീരൊഴുക്കി ജനസഞ്ചയം കാത്തുനില്‍ക്കുന്ന കാഴ്ച മലയാളിക്ക് ആരാണ് വി എസ്സ് എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു. നേരം പുലർന്നിട്ടും വിലാപയാത്രയ്ക്ക് ആലപ്പുഴ ജില്ലയിലേക്ക് കടക്കാനായില്ല. നതാക്കളും പ്രവർത്തകരും ഉള്‍പ്പെടെ നിരവധിപേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. പ്രിയനേതാവിനെ അവസാനമായി കാണാനായി റോഡിനിരുവശങ്ങളിലും വൻ ജനക്കൂട്ടമാണുള്ളത്.

Previous Post Next Post