കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) കേരളത്തിന്റെ നൊമ്ബരമായി മാറുമ്ബോള്‍ അപകടവുമായി ബന്ധപ്പെട്ട് വിവാദം കനക്കുന്നു
വിദ്യാര്‍ഥിയുടെ മരണത്തിന് കാരണം സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും കര്‍ശന നടപടി ഉണ്ടാകുമെന്ന് ബന്ധപ്പെട്ട മന്ത്രിമാരും വ്യക്തമാക്കുന്നു. കുട്ടിയുടെ മരണം സംബന്ധിച്ച് ഡിപിഐ സര്‍ക്കാരിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലും അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ, സ്‌കൂളിലെ അപകടവുമായി ബന്ധപ്പെട്ട് മന്ത്രി ജെ ചിഞ്ചു റാണി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദം ക്ഷണിച്ചുവരുത്തി. അപകടത്തില്‍ അധ്യാപകരെ കുറ്റം പറയാന്‍ പറ്റില്ലെന്നും സഹപാഠികള്‍ വിലക്കിയിട്ടും മിഥുന്‍ വലിഞ്ഞുകയറിയതാണ് അപകടമുണ്ടാക്കിയതെന്നുമുള്ള മന്ത്രിയുടെ പ്രതികരണമാണ് വിവാദത്തിന് അടിസ്ഥാനം. മന്ത്രിക്ക് എതിരെ വ്യാപക വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. തൃപ്പൂണിത്തുറയില്‍ സിപിഐയുടെ വനിത സംഗമ വേദിയില്‍ സംസാരിക്കവെയാണ് ജെ ചിഞ്ചുറാണിയുടെ പരാമര്‍ശം.
'ചെരിപ്പ് എടുക്കാന്‍ ഷെഡിന് മുകളില്‍ കയറിയപ്പോള്‍ ഉണ്ടായ അപകടമാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ കളിച്ച് കളിച്ച് ഈ ഇതിന്റെയൊക്കെ മുകളിലൊക്കെ ചെന്നു കയറുമ്ബോള്‍ ഇത്രയും ആപല്‍ക്കരമായിട്ടുള്ള സംഭവങ്ങള്‍ ഉണ്ടാകുമെന്ന് നമുക്കറിയുമോ. രാവിലെ സ്‌കൂളില്‍പോയ കുഞ്ഞാണ്. അധ്യാപകരെ നമുക്ക് കുറ്റം പറയാന്‍ പറ്റില്ല. അവിടെ കയറരുതെന്ന് സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവനവിടെ വലിഞ്ഞുകയറി എന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങനെയുള്ള എത്ര സംഭവങ്ങളാണ് നടക്കുന്നത്.'- എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. വിദ്യഭ്യാസ വകുപ്പും വൈദ്യുതി വകുപ്പും അടക്കം വീഴ്ചയുണ്ടെന്ന് സമ്മതിക്കുമ്ബോഴും മന്ത്രി വിഷയത്തെ ലഘൂകരിച്ചെന്നാണ് വിമര്‍ശകരുടെ പ്രധാന വിമര്‍ശനം.
അതേസമയം, മിഥുന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിലേക്ക് മാറ്റി. വിദേശത്തുള്ള മിഥുന്റെ അമ്മ എത്തിയതിന് ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍. കുവൈറ്റില്‍ ഹോം നഴ്‌സായ മിഥുന്റെ അമ്മ ശനിയാഴ്ച കേരളത്തിലെത്തും. വ്യാഴാഴ്ച രാവിലെ ഒമ്ബതരയോടെ കൊല്ലം തേവലക്കര കോവൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ അപകടത്തില്‍പ്പെട്ടത്. വലിയപാടം മിഥുന്‍ ഭവനില്‍ മനോജിന്റെ മകനാണ് മിഥുന്‍. കുട്ടികള്‍ കളിച്ച് കൊണ്ട് നില്‍ക്കെ സ്‌കൂള്‍ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴാണ് അപകടം. ഷെഡിന് മുകളിലൂടെ കടന്നുപോയ വൈദ്യുത ലൈനില്‍ പിടിച്ചതാണ് അപകടകാരണം. വിദ്യാര്‍ഥിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ തേവലക്കര കോവൂര്‍ ബോയ്‌സ് ഹൈസ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.