വിമാന ദുരന്തം പൈലറ്റിന്റെ പിഴവോ? തിടുക്കത്തില്‍ നിഗമനത്തില്‍ എത്തരുതെന്ന് വിദഗ്ധര്‍; ഇനിയും ചോദ്യങ്ങളുണ്ട്.


അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാന ദുരന്തത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു.

അപകടത്തിനു തൊട്ടുമുൻപ് പൈലറ്റുമാർ തമ്മില്‍ സംസാരിച്ചതും എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ച്‌ ഓഫായതിനെപ്പറ്റിയുമാണ് അന്വേഷണ റിപ്പോർട്ട്. അപകടത്തിന്റെ ഏറ്റവും സാധ്യതയുള്ള പ്രാഥമിക കാരണമാകാം ഇതെന്നും റിപ്പോർട്ടില്‍ പരാമർശമുണ്ട്.

എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കോക്ക്പിറ്റ് വോയ്സ് റെക്കോർഡറില്‍ രേഖപ്പെടുത്തിയ പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്തായത്. എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്നതിനുള്ള സ്വിച്ചുകള്‍ ഓഫ് ചെയ്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍.

ഈ സ്വിച്ചുകളുമായി ബന്ധപ്പെട്ടായിരുന്നു പൈലറ്റുമാർ തമ്മിലെ സംഭാഷണം.സ്വിച്ചുകള്‍ ഓഫ് ചെയ്തത് ആരാണെന്ന് പൈലറ്റുമാരില്‍ ഒരാള്‍ മറ്റേയാളോട് ചോദിക്കുന്നത് കോക്ക്പിറ്റ് വോയ്സ് റെക്കോർഡറില്‍ കേള്‍ക്കാം. ഓഫ് ചെയ്തത് താനല്ലെന്ന് പൈലറ്റ് മറുപടി നല്‍കുന്നുണ്ട്. സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ ഓണ്‍ ചെയ്തു. എന്നാല്‍, എൻജിനുകള്‍ പ്രവർത്തിച്ചു തുടങ്ങുന്നതിനു മുൻപേ വിമാനം തകർന്നുവീഴുകയായിരുന്നു.

കണ്ടെത്തലുകള്‍ മനുഷ്യ പിഴവുകളുടെ സൂചനയായി വ്യാഖ്യാനിക്കുമ്ബോള്‍, പ്രാഥമിക റിപ്പോർട്ടിനെ മാത്രം അടിസ്ഥാനമാക്കി ഒരു നിഗമനത്തിലെത്തുന്നത് വളരെ അകാലമാണെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധർ പറയുന്നത്. റിപ്പോർട്ട് ചില പ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നുണ്ടെങ്കിലും, സൂക്ഷ്മമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ വ്യക്തത വരുത്താൻ കഴിയൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വിഷയത്തില്‍ എടുത്തുചാടി നിഗമനങ്ങളില്‍ എത്തരുതെന്ന് കേന്ദ്ര സിവില്‍ ഏവിയേഷൻ മന്ത്രി കെ റാം മോഹൻ നായിഡു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായം പറയുന്നതോ ഏതെങ്കിലും നിഗമനത്തിലെത്തുന്നതോ ഉചിതമല്ലെന്ന് സിവില്‍ ഏവിയേഷൻ സഹമന്ത്രി മുരളീധർ മൊഹോള്‍ പറഞ്ഞു.

Previous Post Next Post