'മകളുടെ ജീവൻ രക്ഷിക്കണം'; ​ഗവർണർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് നിമിഷ പ്രിയയുടെ അമ്മ

ന്യൂഡൽഹി: യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. അറ്റോർണി ജനറൽ വഴി സ്വീകരിച്ച നടപടികൾ അറിയിക്കാനാണ് നിർദേശം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിർദേശം.


ഹർജിയിൽ ജൂലൈ പതിനാലിന് വിശദമായ വാദം കേൾക്കുമെന്ന് ജസ്റ്റിസ് സുധാൻഷു ധൂലിയ, ജോയ്മല്യ ബാഗ്ച്ചി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹർജി സംബന്ധിച്ച വിവരം കേന്ദ്രസർക്കാരിനെ അറിയിക്കാനും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16 ന് നടപ്പാക്കാൻ തീരുമാനിച്ച വിവരം പുറത്തുവന്ന സാഹചര്യത്തിൽ, അടിയന്തര ഇടപെടൽ വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.


നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ 'നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷൻ കൗൺസിൽ' ആണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കി ജീവൻ രക്ഷിക്കാനായി കേന്ദ്രസർക്കാർ അടിയന്തരമായി നയതന്ത്ര ഇടപെടൽ നടത്തണമെന്നും ദയാധന ചർച്ചകൾക്കായി കേന്ദ്രസർക്കാർ ഇടപെടൽ നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.


അതിനിടെ, യെമനിലുള്ള നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ വീഡിയോ കോളിലൂടെ സംസാരിച്ചു. നിമിഷപ്രിയയുടെ ഭർത്താവ് ടോമി തോമസുമായി തന്നെ സന്ദർശിച്ച ചാണ്ടി ഉമ്മൻ എംഎൽഎയുടെ ഫോണിലാണ് നിമിഷപ്രിയയുടെ അമ്മയുമായി ഗവർണർ സംസാരിച്ചത്. ഗവർണർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ പ്രേമകുമാരി, മകളുടെ ജീവൻ രക്ഷിക്കണമെന്ന് അപേക്ഷിച്ചു.


പ്രേമകുമാരിയെ ആശ്വസിപ്പിച്ച ഗവർണർ, എല്ലാ വഴിക്കും ശ്രമിക്കുന്നുണ്ടെന്നും പല തട്ടിലുള്ളവരുമായി ആശയവിനിമയം നടത്തിവരികയാണെന്നും അറിയിച്ചു. ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. ഈ പരിശ്രമങ്ങൾക്കെല്ലാം ദൈവത്തിന്റെ സഹായമുണ്ടാകുമെന്നും ഗവർണർ പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിനായി ചാണ്ടി ഉമ്മൻ എംഎൽഎയും അമ്മ മറിയാമ്മയും തന്നെ വന്നു കണ്ട കാര്യവും ഗവർണർ പ്രേമകുമാരിയെ അറിയിച്ചു.

Previous Post Next Post