കൊല്ലം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കമ്പനി രേഖാമൂലം ഇക്കാര്യം സതീഷിനെ ഔദ്യോഗികമായി അറിയിച്ചു. സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ഒരു വർഷം മുമ്പാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതിയും അക്രമാസക്തമായ പെരുമാറ്റത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരിഗണിച്ചാണ് നടപടിയെടുത്തതെന്ന് കമ്പനി അറിയിച്ചു.
അതുല്യയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ഷാർജയിലുള്ള സഹോദരി അഖില ഇന്ത്യൻ കോൺസുലേറ്റിന് പരാതി നൽകി. അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിനെതിരെ ചവറ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ വിവരങ്ങളും, മുമ്പ് നടന്ന ഗാർഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും ഓഡിയോ സന്ദേശങ്ങളും കോൺസുലേറ്റിന് കൈമാറിയിട്ടുണ്ട്. ഇതേത്തുടർന്ന് സതീഷിനെ കോൺസുലേറ്റിലേക്ക് വിളിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
അതുല്യയുടെ മരണത്തിൽ തുടർനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ പ്രധാനമന്ത്രിക്കും ദുബായ് കോൺസുലേറ്റ് ജനറലിനും കത്തു നൽകിയിട്ടുണ്ട്. അതേസമയം അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിക്കാനാണ് പൊലീസ് ശ്രമം നടത്തുന്നത്. അതുല്യയുടെ മരണത്തിൽ കുടുംബം ഷാർജ പൊലീസിനും പരാതി നൽകുമെന്ന് സഹോദരി അഖില അറിയിച്ചിട്ടുണ്ട്.
അതുല്യയുടെ കുടുംബത്തിന്റെ പരാതിയിൽ സതീഷിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കൊലപാതകക്കുറ്റത്തിനു പുറമേ സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തിൽ മാരകമായി പരിക്കേൽപിക്കൽ തുടങ്ങിയ ആറിലധികം വകുപ്പുകളും സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്. ശനിയാഴ്ചയാണ് കൊല്ലം തേവലക്കര കോയിവിള മേലേഴത്ത് ജംക്‌ഷൻ അതുല്യ ഭവനിൽ രാജശേഖരൻ പിള്ളയുടെ മകൾ ടി അതുല്യ ശേഖറിനെ (30) ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.