കൊച്ചി: റാപ്പർ വേടനെതിരെ ബലാത്സംഗക്കേസിൽ യുവ ഡോക്ടർ നൽകിരിക്കുന്നത് വിശദമായ പരാതി. വേടനെ പരിചയപ്പെട്ടതു മുതൽ രണ്ടു വർഷത്തോളം നീണ്ട ബന്ധത്തിലെ കാര്യങ്ങളാണ് തൃക്കാക്കര പൊലീസിനു നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. വിവിധ ആവശ്യങ്ങൾക്കായി 31,000 രൂപ വേടന് നൽകിയിട്ടുണ്ടെന്നും 8,500 രൂപയുടെ ട്രെയിൻ ടിക്കറ്റ് എടുത്തു നൽകിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ആൽബം നിർമിക്കുന്നതിലേക്കും പണം നൽകിയതായും മൊഴിയിൽ പറയുന്നു.
പ്രാഥമികാന്വേഷണങ്ങൾക്കു ശേഷം കുടുതൽ നടപടികളിലേക്ക് കടക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. വേടനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയതായും ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉളളതായും ബാങ്ക് ഇടപാട് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ വേടന്റെ സുഹൃത്തക്കളെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു
2021ൽ കോഴിക്കോട് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് വേടനുമായി യുവതി പരിചയത്തിലാകുന്നത്. വേടന്റെ പാട്ടുകളും മറ്റ് ഇഷ്ടപ്പെട്ടതോടെ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടെന്നും തുടർന്ന് ഫോൺ നമ്പർ കൈമാറി എന്നും പരാതിയിൽ പറയുന്നു. പിന്നാലെ വേടൻ കോഴിക്കോട് വന്ന് തന്നെ കാണുകയും താൻ വാടകയ്ക്കെടുത്തിരിക്കുന്ന ഫ്ലാറ്റിൽ താമസിക്കുകയും ചെയ്തു. അന്നാണ് ആദ്യമായി ബലാത്സംഗം ചെയ്യുന്നത്. പിന്നീട് വേടൻ പലപ്പോഴും കോഴിക്കോട് എത്തിയിരുന്നുവെന്നും തന്നെ ബലാത്സംഗം ചെയ്തു എന്നുമാണ് പരാതിയിൽ പറയുന്നത്. ഇതിനിടെ, വിവാഹം കഴിക്കുന്ന കാര്യം വേടൻ സൂചിപ്പിച്ചിരുന്നു.
തനിക്ക് കൊച്ചിയിൽ ജോലി കിട്ടി എത്തിയപ്പോൾ താമസിച്ചിടത്തും വേടൻ എത്തിയതായും യുവതി പറയുന്നു. ഈ ഘട്ടത്തിലാണ് വിവാഹക്കാര്യങ്ങൾ സംസാരിച്ചത്. കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചും എലൂരിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ വച്ചും പീഡിപ്പിച്ചതായും പരാതിയിലുണ്ട്. ലഹരി ഉപയോഗിച്ചും വേടൻ തന്നെ ബലാത്സംഗം ചെയ്തിട്ടുള്ളതായി പരാതിയിൽ പറയുന്നു.2023 ആയപ്പോഴേക്കും വേടൻ താനുമായി അകലാൻ തുടങ്ങിയതായും യുവതി പറയുന്നു. തങ്ങൾ തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് വേടന്റെ സുഹൃത്തുക്കൾക്കും അറിയാം. അവരോട് ഇക്കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നു പറഞ്ഞ യുവതി ഏതാനും പേരുടെ പേരുകളും പരാതിയിൽ പറയുന്നു.
2023ലാണ് താൻ 'ടോക്സിക്കും പൊസസീവു'മാണെന്നും ബന്ധം തുടരാൻ കഴിയില്ലെന്നും വേടൻ പറഞ്ഞതായി പരാതിയിലുള്ളത്. വേടൻ ഇത്തരത്തിൽ പെരുമാറിയതോടെ മാനസികമായി തകർന്നു പോയെന്നും വിഷാദരോഗം പിടിപെട്ടു ചികിത്സ തേടേണ്ടി വന്നു. ഇതിനാലാണ് പരാതി നൽകാൻ വൈകിയത് എന്നും പരാതിയിൽ പറയുന്നു.കൊച്ചിയിൽ യുവതി താമസിച്ചിരുന്ന ഫ്ലാറ്റ് തൃക്കാക്കര സ്റ്റേഷന്റെ പരിധിയിൽ വരുന്നതിനാലാണ് ഇവിടെ പരാതി നൽകിയിരിക്കുന്നത്.
വേടനുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും കൈമാറി. ഇന്നലെ വൈകിട്ടാണു യുവതി പരാതി നൽകിയത്. തുടർന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയശേഷം ഐപിസി 376 അനുസരിച്ച് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. യുവതി പറയുന്ന പരാതിയിലെ കാര്യങ്ങൾ വിശദമായി പരിശോധിച്ചശേഷമായിരിക്കും പൊലീസ് അടുത്ത നീക്കം നടത്തുക. യുവതി പറയുന്ന സമയത്ത് കോഴിക്കോടും കൊച്ചിയിലും ഇരുവരും ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.
അതേസമയം, തനിക്കെതിരായ കേസ് ആസൂത്രിതമാണെന്ന് വേടൻ പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും മുൻകൂർ ജാമ്യ ഹർജി നൽകുമെന്നും വേടൻ വ്യക്തമാക്കി. അതിനിടെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയിൽ ഹർജി നൽകും.