'മന്ത്രിക്കല്ല, എംഡിക്കാണ് നോട്ടീസ് നൽകിയത്'; കെഎസ്ആർടിസി ജീവനക്കാർ നാളെ പണിമുടക്കും, ഗണേഷ് കുമാറിനെ തള്ളി യൂണിയനുകൾ

തിരുവനന്തപുരം : കെ എസ്ആർടിസി ജീവനക്കാർ നാളെ നടക്കുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ വാദം തള്ളി യൂണിയനുകൾ. ദേശീയ പണിമുടക്കിൽ പങ്കെടുക്കുമെന്ന് കെഎസ്ആർടിസി-സിഐടിയു വിഭാഗം നേതാക്കൾ അറിയിച്ചു. സമരത്തിന് നോട്ടീസ് നൽകിയിട്ടില്ലെന്ന് മന്ത്രി പറയുന്നത് ശരിയല്ല. കഴിഞ്ഞ 25 ന് നോട്ടീസ് നൽകിയതാണെന്നും സിഐടിയു നേതാക്കൾ ചൂണ്ടിക്കാട്ടി.


പണിമുടക്ക് സംബന്ധിച്ച് മന്ത്രിക്ക് അല്ല നോട്ടീസ് നൽകേണ്ടത്. കെഎസ്ആർടിസി സിഎംഡിക്ക് നോട്ടീസ് നൽകിയിട്ടുള്ളതാണെന്നും സിഐടിയു അറിയിച്ചു. സിഐടിയു സംഘടനയിൽപ്പെട്ട ജീവനക്കാർ ജോലിക്ക് ഹാജരാകില്ല. ദീർഘദൂര അവശ്യ സർവീസുകൾ ഒഴിച്ചുള്ള സർവീസുകൾ ഒന്നും ഉണ്ടാകില്ലെന്നും സിഐടിയു വ്യക്തമാക്കി.


ട്രേഡ് യൂണിയനുകൾ സംയുക്തമായി നാളെ നടത്തുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കുമെന്ന് ഐഎൻടിയുസിയും അറിയിച്ചു. ഇടതു തൊഴിലാളി സംഘടകൾ സംയുക്തമായും ഐഎൻടിയുസി പ്രത്യേകവുമായുമാണ് പണിമുടക്കുന്നത്. ദേശീയ പണിമുടക്കിന്റെ ഭാഗമായി നാളെ കേരളം സ്തംഭിക്കുമെന്ന് തൊഴിലാളി സംഘടനകൾ അവകാശപ്പെട്ടു. ബി എംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.


ദേശീയ പണിമുടക്ക് ദിനമായ നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ രാവിലെ വ്യക്തമാക്കിയിരുന്നു. നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്ആർടിസി യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ല. കെഎസ്ആർടിസി ജീവനക്കാർ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.


Previous Post Next Post