തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും അതിശക്തമാകുന്നു. വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാലു ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പ്. മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ടുമുണ്ട്.
മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് തീവ്രമഴ ( ഓറഞ്ച് അലർട്ട് ) മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
നാളെ കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ റെഡ് അലർട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയ്ക്ക് പുറമെ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന തിരമാല ജാഗ്രത നിർദേശം
കൊല്ലം, (ആലപ്പാട് മുതൽ ഇടവ വരെ), കണ്ണൂർ, കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് (17/07/2025) ഉച്ചയ്ക്ക് 02.30 വരെ 2.9 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കന്യാകുമാരി തീരത്ത് (നീരോടി മുതൽ ആരോക്യപുരം വരെ) 18/07/2025 രാത്രി 08.30 വരെ 3.0 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
പ്രളയ സാധ്യത മുന്നറിയിപ്പ്
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെയും (IDRB), കേന്ദ്ര ജല കമ്മീഷന്റെയും (CWC) താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക
ഓറഞ്ച് അലർട്ട്
കോഴിക്കോട് : കോരപ്പുഴ (കൊള്ളിക്കൽ സ്റ്റേഷൻ), കുറ്റിയാടി (കുറ്റിയാടി സ്റ്റേഷൻ) - CWC
കണ്ണൂർ : പെരുമ്പ (കൈതപ്രം സ്റ്റേഷൻ)
കാസർകോട് : ഷിറിയ (അംഗഡിമൊഗർ സ്റ്റേഷൻ), ഉപ്പള (ഉപ്പള സ്റ്റേഷൻ), നിലേശ്വരം (ചായോം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ)
മഞ്ഞ അലർട്ട്
വയനാട് : കബനി (മുത്തങ്ങ സ്റ്റേഷൻ)
കോഴിക്കോട് : കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ)
കണ്ണൂർ : അഞ്ചരക്കണ്ടി (കണ്ണവം സ്റ്റേഷൻ & മെരുവമ്പായി സ്റ്റേഷൻ), കവ്വായി (വെള്ളൂർ റിവർ സ്റ്റേഷൻ)
കാസറഗോഡ് : ഉപ്പള (ആനക്കൽ സ്റ്റേഷൻ), ചന്ദ്രഗിരി (പള്ളങ്കോട് സ്റ്റേഷൻ), കാര്യംക്കോട് (ഭീമനാടി സ്റ്റേഷൻ)
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.