കേരളത്തിന്റെ സ്ത്രീപക്ഷ പോരാട്ടത്തിന് കരുത്തായ നേതാവ്; ജ്വലിക്കുന്ന ഓർമ്മയായി വി എസ്

 

തിരുവനന്തപുരം: കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തിന്റെ പൊതു മണ്ഡലത്തിൽ ജനനായക പരിവേഷത്തിൽ പ്രതിഷ്ഠിക്കപ്പെട്ട വിഎസ് അച്യുതാനന്ദന്റെ സ്ത്രീപക്ഷ നിലപാടുകളും എന്നും ചർച്ചയായിരുന്നു. ഒട്ടുമിക്കപ്പോഴും സമത്വത്തിനു വേണ്ടി വാദിക്കുകയും ചൂഷണത്തിനെതിരെ വാളെടുക്കുകയും ചെയ്ത കാവൽ പോരാളിയായിയുന്നു വിഎസ്. അല്ലാത്തപ്പോഴൊക്കെ കേവല രാഷ്ട്രീയത്തിൻറെ ലാഭകണക്കിന് വേണ്ടി മാത്രമെന്ന ആരോപണത്തിനൊപ്പവും.


കത്തിക്കാളി നിന്ന കിളിരൂർ കേസ് കാലത്ത് വിഎസിൻറെ ഉന്നം പാർട്ടിക്കകത്തെ പ്രതിയോഗികളായിരുന്നു. പക്ഷെ പറഞ്ഞു വന്നപ്പോഴേക്കും പൊതു സമൂഹത്തിന് മുന്നിൽ കഥ മാറി. പൊതുവെ കാർക്കശ്യക്കാരനും പുറമേക്ക് പരുക്കനുമായിരുന്ന വിഎസിനെ പൊടുന്നനെ കേരള സമൂഹത്തിന് മുന്നിൽ സംരക്ഷകൻറെ കുപ്പായത്തിനകത്താക്കിയതിൽ കിളിരൂർ പീഡനക്കേസിന് അന്നും ഇന്നും വലിയ പങ്കുണ്ട്. 2001 -2005 ൽ പ്രതിപക്ഷ നേതാവായികുന്ന കാലത്ത് പരിസ്ഥിതി പ്രശ്നങ്ങൾക്കും അഴിമതിക്കെതിരായ പോരാട്ടത്തിനും ഒപ്പം എന്നും സ്ത്രീപക്ഷ വാദിയെന്ന പരിപ്രേക്ഷ്യം കൂടി പേരിനൊപ്പം എഴുതിച്ചേർത്തായിരുന്നു വിഎസിനെ പൊതു സമൂഹം ഏറ്റെടുത്തത്. പരമാവധിയിടത്ത് പലപ്പോഴും പാർട്ടി നിലപാടുകൾ വരെ തള്ളിയും വിഎസ് അത് കൊണ്ടു നടക്കുകയും ചെയ്തു. പിന്നീട് മുഖ്യമന്ത്രിയായ വിഎസിന് കിളിരൂർ കേസിൽ കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും പാർട്ടിയെ വിടാതെ പിന്തുടർന്ന വിഐപി വിവാദത്തിൽ വിട്ടുവീഴ്ചക്ക് വിഎസ് തയ്യാറായില്ലെന്നത് ചരിത്രം.


ഏറെക്കുറെ സമാനമായിരുന്നു ഐസ്ക്രീം പാർലർ കേസിലെ നിലപാടും. മാറി മാറി വന്ന മുന്നണി ഭരണത്തിനിടക്ക് അലിഞ്ഞില്ലാതായ ഐക്രീം പാർലർ കേസ് വിടാതെ പിടിച്ച വിഎസ് കാലാകാലങ്ങളിൽ അവസരം ആവശ്യപ്പെടുമ്പൊഴെല്ലാം പികെ കുഞ്ഞാലിക്കുട്ടിയെ പ്രതിസ്ഥാനത്ത് നിർത്തി. പലവിഷയങ്ങളിലെന്ന പോലെ സ്ത്രീപക്ഷ നിലപാടിലും വിഎസും പാർട്ടിയും തനിവഴിക്കായിരുന്നു. ടി പി ചന്ദ്രശേഖരൻ വെട്ടേറ്റ് വീണ ഒഞ്ചിയത്തെ മണ്ണിലേക്ക് ഒരച്ഛന്റെ വാത്സല്യവുമായി ഉറച്ച കാൽവെപ്പോടെ നടന്ന് നീങ്ങിയ വിഎസിന് മുന്നിൽ അന്ന് നെയ്യാറ്റിൻകരയിലെ നിർണ്ണായക തെര‍ഞ്ഞെടുപ്പിന് പോളിംഗ് ബൂത്തിൽ നിൽക്കുന്ന പാർട്ടി വിളറി നിന്നു.


കഴിവുകെട്ട ഭരണം നിലനിൽക്കുന്നിടത്തോളം നാട്ടിലെ അമ്മമാർക്കും പെൺമക്കൾക്കും രക്ഷയുണ്ടാകില്ലെന്ന് തുറന്നടിച്ച വിഎസ് പെരുമ്പാവൂർ ജിഷ കൊലപാതക കേസിനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എടുത്തിട്ടു. ഒമ്പതും പതിമൂന്നും വയസ്സുണ്ടായിരുന്ന പെൺകുട്ടികൾ കേരള മനസാക്ഷിയുടെ ഉത്തരത്തിന് മുന്നിൽ തൂങ്ങിയാടിയ വാളയാറിൽ പൊലീസിന് വീഴ്ചയുണ്ടെന്ന് വിളിച്ച് പറയാൻ പ്രതികളുടെ രാഷ്ട്രീയ ബന്ധത്തെ കുറിച്ചുയർന്ന ആക്ഷേപങ്ങൾ പോലും വിഎസിന് മുന്നിൽ തടസമായില്ല.


പാർട്ടി പ്രതിസ്ഥാനത്ത് നിൽക്കുമ്പോഴാണ് പ്രാദേശിക നേതാക്കളെയെല്ലാം ഒഴിവാക്കി ചിന്നക്കലാലിലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ സമരപ്പന്തലിലേക്ക് വിഎസ് എത്തിയത്. ബിഷപ്പ് ഫ്രാങ്കോക്ക് എതിരെ കന്യാസ്ത്രീ ഉന്നയിച്ച ലൈംഗിക പീഡനപരാതിയിൽ എന്ത് ചെയ്യണമെന്ന് കേരളം ഒരു നിമിഷം ചിന്തിച്ചപ്പോൾ പരാതിയിൽ അന്വേഷണമാവശ്യപ്പെട്ട് ആദ്യം രംഗത്ത് വന്നതും വിഎസ് അച്യുതാനന്ദനായിരുന്നു. വക്കുപൊട്ടിയ വാക്കുകൾ വിഎസിനെ പ്രതിക്കൂട്ടിൽ നിർത്തിയ സന്ദർഭങ്ങളും ഒട്ടും കുറവായിരുന്നില്ല. പിറവം ഉപതെരഞ്ഞെടുപ്പ് കാലത്ത് സിന്ധു ജോയിയെ കുറിച്ച് വിഎസ് നടത്തിയ പ്രസംഗവും 2011ലെ തെരഞ്ഞെടുപ്പ് കാലത്ത് എതിരാളിയായിരുന്ന ലതികാ സുഭാഷിനെതിരെ നടത്തിയ പരാമർശങ്ങളും ഉണ്ടാക്കിയ കോളിളക്കങ്ങൾ ചെറുതല്ല.


വിഎസിൻറെ സ്തീപക്ഷ സമീപനം ജനകീയതയുടെ അളവുകോലായി വളർന്ന ഭൂരിഭാഗം സന്ദർഭങ്ങളിലും പാർട്ടി പക്ഷെ പ്രതിരോധത്തിലായിരുന്നു. സ്ത്രീ വിരുദ്ധതയും സവർണമേധാവിത്വവും പറയുന്നവർക്കുള്ള ഇടത്താവളം അല്ലെന്ന് മുന്നണി വിപുലീകരണ നീക്കത്തിൽ ബാലകൃഷ്ണപ്പിള്ളക്കെതിരെ ആഞ്ഞടിച്ച വിഎസ്, പികെ ശശിക്കെതിരായ ലൈംഗികാരോപണത്തോട് പ്രതികരിച്ചത് സ്ത്രീ പക്ഷ നിലപാടുകൾ എന്നും സിപിഎം ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്ന് കേന്ദ്ര നേതൃത്വത്തെ ഓർമ്മിപ്പിച്ചാണ്.

Previous Post Next Post