ഓപ്പറേഷൻ സിന്ദൂർ: പാർലമെന്റിൽ ഇന്നും ചർച്ച; നരേന്ദ്രമോദി ഇന്ന് പ്രസ്താവന നടത്തിയേക്കും

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ഇന്നും ചർച്ച തുടരും. ലോക്‌സഭയിൽ നടക്കുന്ന ചർച്ചയിൽ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസാരിക്കും. രാജ്യസഭയിലും ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി ഇന്ന് ചർച്ച നടക്കും. ഓപ്പറേഷൻ സിന്ദൂറിനിടെ മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ഒരു ആശയവിനിമയവും നടന്നിട്ടില്ലെന്ന് ഇന്നലെ ചർച്ചയിൽ പങ്കെടുത്ത പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും വ്യക്തമാക്കിയിരുന്നു.



പാകിസ്ഥാനെതിരായ സൈനികനടപടികൾ നിർത്തിവെക്കാൻ ഇടപെട്ടെന്ന ട്രംപിന്റെ പ്രസ്താവനയിൽ മോദി ഇന്ന് വിശദീകരണം നൽകിയേക്കും. ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഇന്ന് സംസാരിക്കും. ഇന്നലെ ചർച്ചയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സംസാരിക്കുന്നതിനിടെ പ്രതിപക്ഷ എംപിമാർ ഇടപെട്ട് സംസാരിക്കാൻ ശ്രമിച്ചതിൽ അമിത് ഷാ പ്രകോപിതനായിരുന്നു.


പ്രതിപക്ഷത്തിന് ഇന്ത്യൻ വിദേശകാര്യ മന്ത്രിയിൽ വിശ്വാസമില്ലെന്നും അവർക്ക് മറ്റേതെങ്കിലും രാജ്യത്തോടാണ് വിശ്വാസമെന്നും അമിത് ഷാ പറഞ്ഞു. അവരുടെ പാർട്ടിയിൽ വിദേശത്തിന്റെ പ്രാധാന്യം എനിക്ക് മനസിലാകും. അതുകൊണ്ടാണ് അവർ പ്രതിപക്ഷ ബെഞ്ചുകളിൽ ഇരിക്കുന്നത്. അവരുടെ അംഗങ്ങൾ സംസാരിച്ചപ്പോൾ ഞങ്ങൾ ക്ഷമയോടെ കേട്ടിരുന്നു. അവർ എത്രത്തോളം നുണകൾ പറഞ്ഞിട്ടുണ്ടെന്ന് ഇന്ന് വ്യക്തമാക്കാമെന്നും അമിത് ഷാ പറഞ്ഞിരുന്നു.


ഓപ്പറേഷൻ സിന്ദൂറിൽ എന്താണ് സംഭവിച്ചതെന്ന് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്ന് വിദേശകാര്യമന്ത്രി ജയ്ശങ്കർ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാ സമിതിയിൽ ഇന്ത്യ ഈ വിഷയത്തിൽ ശക്തമായ നിലപാടാണ് എടുത്തത്. ഐക്യരാഷ്ട്ര സംഘടനയിലെ 193 അംഗങ്ങളിൽ പാക്കിസ്ഥാനടക്കം വെറും മൂന്ന് രാജ്യങ്ങൾ മാത്രമാണ് ഓപ്പറേഷൻ സിന്ദൂറിനെ എതിർത്തത്.


പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ടിആർഎഫ് രണ്ടു തവണ ഏറ്റെടുത്തതാണ്. എന്നാൽ പാക്കിസ്ഥാൻ അത് നിഷേധിക്കുകയാണ് ചെയ്തത്. എന്നിട്ടും ഇന്ത്യ ടിആർഎഫിനെ ആഗോള തീവ്രവാദ ശക്തിയായി പ്രഖാപിച്ചു. പാക്കിസ്ഥാന്റെ ആണവായുധം ഉയർത്തിക്കാട്ടിയുള്ള ബ്ലാക്ക്മെയ്‌ലിങ്ങിനു മുന്നിൽ തലകുനിക്കില്ലെന്നും ജയശങ്കർ പറഞ്ഞു.

Previous Post Next Post