തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. സി എച്ച് ഹാരിസിനെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍. ഡോ. ഹാരിസിന്റെ നടപടി അദ്ദേഹത്തിന്റെ സ്ഥാനത്തിനു യോജിച്ചതല്ലെന്നു മന്ത്രി പറഞ്ഞു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചിലപ്പോള്‍ പഞ്ഞിയോ മരുന്നോ ഉപകരണങ്ങളോ കുറഞ്ഞു കാണും. ഇല്ലെന്നു പറയുന്നില്ല.
ഡോക്ടര്‍ അപ്പോഴത്തെ മാനസികാവസ്ഥയില്‍ ചെയ്തതാണെങ്കിലും അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിനു യോജിച്ചതല്ല അത്. ഡോക്ടര്‍ അതു തിരുത്തിയിട്ടുണ്ട്. അതോടെ ആ വിഷയം അവസാനിച്ചുവെന്നും മന്ത്രി പറഞ്ഞു. അതിന്റെ പേരില്‍ ആരോഗ്യമന്ത്രിക്കെതിരെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. വീണാ ജോര്‍ജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. ഇവര്‍ പറയുമ്പോള്‍ രാജിവയ്ക്കാനാണോ മന്ത്രി ഇരിക്കുന്നതെന്നും സജി ചെറിയാന്‍ ചോദിച്ചു.
വിവാദം ശക്തമായതോടെ പെട്ടെന്നു തന്നെ ഹൈദരാബാദില്‍നിന്ന് ഉപകരണങ്ങള്‍ വിമാനമാര്‍ഗം എത്തിക്കുകയും മുടങ്ങിയ ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്തു. ഡോ.ഹാരിസിന്റെ പ്രതികരണത്തിനു പിന്നാലെ വിവിധ മെഡിക്കല്‍ കോളജുകളിലെയും സര്‍ക്കാര്‍ ആശുപത്രികളിലെയും മരുന്നുക്ഷാമം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പുറത്തുവരുന്നുണ്ട്.