മലപ്പുറം: പതിനാലാം വയസിൽ കൂടരഞ്ഞിയിൽ ഒരാളെ തോട്ടിലേക്ക് തല്ലിയിട്ട് കൊന്നുവെന്ന് വെളിപ്പെടുത്തൽ നടത്തിയ മുഹമ്മദലി മറ്റൊരാളെ കൂടി കൊലപ്പെടുത്തിയെന്ന് പൊലീസിന് മൊഴി നൽകി. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെളളയിൽ കടപ്പുറത്ത് സുഹൃത്തിനൊപ്പം ചേർന്ന് ഒരാളെ കൊന്നുവെന്നാണ് വെളിപ്പെടുത്തൽ. മുഹമ്മദലിയുടെ മൊഴിയനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ ഇക്കാലയളവിൽ ഒരാൾ മരിച്ചതായി നടക്കാവ് പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, മകൻ മരിച്ചതിനെ തുടർന്നുണ്ടായ മാനസിക പ്രശ്നങ്ങളാവാം മുഹമ്മദലിയുടെ വെളിപ്പെടുത്തലിന് പിന്നിലെന്ന് സഹോദരൻ പൗലോസ് പറഞ്ഞു.
മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ ടൗൺ അസിസ്റ്റന്റ് കമ്മിഷണർ ടികെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് കേസിൽ അന്വേഷണം തുടങ്ങി. 1986ൽ 14ാം വയസ്സിൽ കോഴിക്കോട് കൂടരഞ്ഞിയിൽ ഒരാളെ വെള്ളത്തിലേക്കു ചവിട്ടിയിട്ടു കൊന്നതായി കഴിഞ്ഞമാസം 5ന് ആണ് മലപ്പുറം വേങ്ങര സ്റ്റേഷനിൽ ഹാജരായി മുഹമ്മദലി വെളിപ്പെടുത്തിയത്. ഇതു സ്ഥിരീകരിച്ച തിരുവമ്പാടി പൊലീസ്, കൊല നടന്ന സ്ഥലവും രീതിയുമെല്ലാം കണ്ടെത്തിയെങ്കിലും മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. അന്നത്തെ അതേ മൊഴിയിലാണ് രണ്ടാമതൊരു മരണത്തിൽകൂടി പങ്കുണ്ടെന്നു മുഹമ്മദലി വെളിപ്പെടുത്തിയത്.
എന്തെങ്കിലും മാനസിക പ്രശ്നങ്ങളെത്തുടർന്നാണോ ഇത്തരം മൊഴികളെന്ന സംശയവും പൊലീസിനുണ്ട്. പക്ഷേ, മുഹമ്മദലി പറയുന്ന സാഹചര്യങ്ങളും യഥാർഥ സംഭവങ്ങളും രണ്ടിടത്തും പൊരുത്തപ്പെട്ടു വരുന്നതാണ് പൊലീസിനെ കുഴക്കുന്നത്.
ആന്റണി എന്ന പേരിലറിയപ്പെട്ടിരുന്ന ഇയാൾ മതം മാറി മുഹമ്മദലി എന്നപേര് സ്വീകരിക്കുകയായിരുന്നെന്ന് സഹോദരൻ പറഞ്ഞു. ചെറുപ്പത്തിൽ നാടുവിട്ടുപോയ ആന്റണി പതിനഞ്ചാം വയസ്സിലാണ് തിരിച്ചെത്തിയത്. തൊഴിലാളിയുടെ മരണം നടക്കുമ്പോൾ നാട്ടിലുണ്ടായിരുന്നില്ല. മകൻ മരിച്ചതിന് പിന്നാലെ മുഹമ്മദലി കടുത്ത മാനസിക പ്രയാസത്തിലാണെന്നും സഹോദരൻ പറഞ്ഞു. മകൻ മരിച്ചതിന് പിന്നാലെയാണ് കുറ്റസമ്മതം നടത്താൻ പ്രേരിപ്പിച്ചതെന്ന് മുഹമ്മദലിയും പൊലീസിനോട് പറഞ്ഞിരുന്നു.