തിരുവനന്തപുരം: വൈസ് ചാൻസലറും സിൻഡിക്കേറ്റും തമ്മിലുള്ള പോര് തുടരുന്നതിനിടെ, കേരള സർവകലാശാലയിൽ നിലവിൽ രണ്ട് രജിസ്ട്രാർമാർ. ഭാരതാംബ വിവാദത്തെത്തുടർന്ന് രജിസ്ട്രാറായിരുന്ന ഡോ. കെ എസ് അനിൽകുമാറിനെ വിസി മോഹൻ കുന്നുമ്മൽ സസ്‌പെൻഡ് ചെയ്തിരുന്നു. ഇന്നലെ നടന്ന അടിയന്തര സിൻഡിക്കേറ്റ് യോഗം രജിസ്ടാറുടെ സസ്‌പെൻഷൻ റദ്ദാക്കി. ഇതേത്തുടർന്ന് രജിസ്ട്രാർ കെ എസ് അനിൽകുമാർ ഇന്നലെ തന്നെ ഓഫീസിലെത്തി ചുമതലയേറ്റെടുക്കുകയും ചെയ്തു.
സസ്‌പെൻഷനിലായ അനിൽകുമാർ വീണ്ടും ഓഫീസിലെത്തിയതിൽ അതൃപ്തി പ്രകടിപ്പിച്ച വൈസ് ചാൻസലർ, പ്ലാനിങ് ഡയറക്ടർ ഡോ മിനി കാപ്പന് സർവകലാശാല രജിസ്ട്രാറുടെ ചുമതല നൽകി.ഇതോടെയാണ് സർവകലാശാലയ്ക്ക് രണ്ടു രജിസ്ട്രാർമാർ എന്ന നില വന്നത്. അതിനിടെ, രജിസ്ട്രാറായി അനിൽകുമാറിന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സസ്‌പെൻഷന്റെ നിയമസാധുത ബന്ധപ്പെട്ടവർക്ക് പരിശോധിക്കാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള വിസിയുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പിൻവലിക്കുന്നതായി രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തനിക്കെതിരായ സസ്‌പെൻഷൻ നടപടി സിൻഡിക്കേറ്റ് യോഗം റദ്ദാക്കി. അതിനാൽ കൂടുതൽ വാദത്തിനില്ല, ഹർജി പിൻവലിക്കുകയാണ്. താൻ ചുമതലയേറ്റെടുത്തതായും ഡോ. കെ എസ് അനിൽകുമാർ കോടതിയെ അറിയിച്ചു. തുടർന്ന് ഹർജി പിൻവലിക്കാൻ ഡോ. കെ എസ് അനിൽകുമാറിന് ഹൈക്കോടതി അനുമതി നൽകി. ഹർജി തീർപ്പാക്കുകയായിരുന്നു.
വൈസ് ചാൻസലറുടെ താത്കാലിക ചുമതലയുള്ള സിസാ തോമസിനുവേണ്ടി ഹാജരായ അഭിഭാഷകൻ ഹർജി പിൻവലിക്കാനുള്ള നീക്കത്തെ എതിർക്കാൻ ശ്രമിച്ചുവെങ്കിലും കോടതി അത് പരിഗണിച്ചില്ല. എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ പിന്നീട് മറ്റൊരു ഹർജി നൽകാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഹൈക്കോടതി ജഡ്ജിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട സിൻഡിക്കേറ്റംഗം ആർ രാജേഷിനെ കോടതി വിമർശിച്ചു. ജഡ്ജിക്കെതിരെ പോസ്റ്റിടാൻ എങ്ങനെ ധൈര്യം വന്നുവെച്ച് ചോദിച്ച കോടതി, വേണമെങ്കിൽ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാവുന്നതാണെന്നും നിരീക്ഷിച്ചു.
സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുത്ത ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിനെ തൽസ്ഥാനത്തു നിന്നും വിസി നീക്കിയിട്ടുണ്ട്. രജിസ്ട്രാറുടെ സസ്‌പെൻഷൻ സിൻഡിക്കേറ്റ് യോഗം പിൻവലിച്ചതും, ചട്ടവിരുദ്ധമായി ചേർന്ന യോഗത്തിന്റെ മിനുട്‌സ് അംഗീകരിച്ചതും വീഴ്ചയാണെന്നാണ് വിസിയുടെ നിലപാട്. സംഭവത്തിൽ ഹരികുമാറിനോട് വിസി റിപ്പോർട്ട് ചോദിച്ചിരുന്നു. എന്നാൽ റിപ്പോർട്ട് നൽകാതെ ജോയിന്റ് രജിസ്ട്രാർ അവധിയിൽ പ്രവേശിക്കുകയായിരുന്നു. ഇതേതുടർന്ന് ഹേമ ആനന്ദിനെ ജോയിന്റ് രജിസ്ട്രാറായി നിയമിച്ചു. ഭരണവിഭാഗത്തിൽ നിന്നും ഹരികുമാറിനെ അക്കാദമിക് വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത ശേഷം വി സി ഡോ.മോഹൻ കുന്നുമ്മൽ റഷ്യയിൽ പോയതോടെയാണ് പകരം ചുമതല ഡോ. സിസ തോമസിന് ഗവർണർ നൽകിയത്.