ആദ്യശമ്പളം നല്‍കാനെത്തി; നവനീത് കണ്ടത് അമ്മയുടെ മൃതദേഹം, സങ്കടക്കടലായി മെഡിക്കല്‍ കോളജ്

ആദ്യശമ്ബളം അമ്മയ്ക്കു നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയ മകനെ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ മകനായ നവനീതിനെ ആശ്വസിപ്പിക്കാന്‍ കണ്ടുനിന്നവര്‍ക്ക് വാക്കുകളില്ലായിരുന്നു. നവനീതിന്റെ കരച്ചില്‍ കണ്ടുനിന്നവരെയും ഈറനണിയിച്ചു.

നവനീതിന് കഴിഞ്ഞ മാസമാണ് എറണാകുളത്തു ജോലി ലഭിച്ചത്. ആദ്യശമ്ബളം കഴിഞ്ഞ ദിവസം കിട്ടിയെങ്കിലും അമ്മയും സഹോദരിയും ആശുപത്രിയിലായതിനാല്‍ അത് അമ്മയെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇന്നലെ ആശുപത്രിയിലെത്തിയത്. അപകടത്തില്‍ മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞതും നവനീതാണ്.

കുടുംബസ്വത്തായി ലഭിച്ച അഞ്ചു സെന്റ് സ്ഥലത്തു നിര്‍മാണം പൂര്‍ത്തിയാകാത്ത ചെറിയ വീട്ടിലാണ് ബിന്ദുവും ഭര്‍ത്താവ് വിശ്രുതനും മക്കളായ നവമിയും നവനീതും ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയും താമസിക്കുന്നത്. മേസ്തിരിപ്പണിക്കാരനായ വിശ്രുതന്റെയും തലയോലപ്പറമ്ബിലെ വസ്ത്രശാലയില്‍ ജോലി ചെയ്യുന്ന ബിന്ദുവിന്റെയും വരുമാനം കൊണ്ടാണു കുടുംബം കഴിഞ്ഞുപോന്നിരുന്നത്. ആന്ധ്രയില്‍ അപ്പോളോ നഴ്‌സിങ് കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ് നവമി. ന്യൂറോ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍ നവമി ചൊവ്വാഴ്ച ചികിത്സയ്ക്ക് എത്തിയത്.

വ്യാഴാഴ്ച രാവിലെ കുളിക്കുന്നതിനു വേണ്ടിയാണു തകര്‍ന്നു വീണ പതിനാലാം വാര്‍ഡിന്റെ മൂന്നാംനിലയിലേക്കു ബിന്ദു എത്തിയതെന്നാണു വിവരം. തകര്‍ന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍പ്പെട്ട ബിന്ദുവിനെ രണ്ടരമണിക്കൂറിനു ശേഷമാണു പുറത്തെടുത്തത്. അമ്മയെ കാണാനില്ലെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും നവമി പറഞ്ഞതോടെയാണു ബിന്ദുവിനായി തിരച്ചില്‍ ആരംഭിച്ചത്. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധമില്ലായിരുന്നു. പിന്നാലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Previous Post Next Post