'ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ....'; കടലിരമ്പം പോലെ ജനപ്രവാഹം, വിഎസിന് അന്ത്യാഞ്ജലി, ദർബാർ ഹാളിൽ പൊതുദർശനം

തിരുവനന്തപുരം: കേരളത്തിന്റെ ജനനായകൻ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാന്ദന് തലസ്ഥാന നഗരി അന്തിമോപചാരം അർപ്പിക്കുന്നു. കവടിയാറിലെ വസതിയിൽ നിന്നും വിലാപയാത്രയായി രാവിലെ ദർബാർ ഹാളിലെത്തിച്ച വി എസിന്റെ മൃതദേഹം ഒരുനോക്കു കാണാനും, അന്ത്യാഞ്ജലി അർപ്പിക്കാനും അണമുറിയാതെ ജനസഹസ്രങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വിഎസിന്റെ ജീവിതം പകർന്ന അനുഭവങ്ങളുടെ ഊർജം ഏറ്റുവാങ്ങി, തങ്ങളുടെ സമരസൂര്യന് കടലിരമ്പംപോലെ മുദ്രാവാക്യം വിളിച്ച് പാർട്ടി പ്രവർത്തകരും അനുയായികളും അന്ത്യാഭിവാദ്യം അർപ്പിക്കുന്നു


മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാർ, സിപിഎം നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മറ്റു രാഷ്ട്രീയ നേതാക്കൾ, മത-സാമുദായിക- സാമൂഹ്യ-സാംസ്‌കാരിക പ്രമുഖർ, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേരാണ് വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാനായി ദർബാർ ഹാളിൽ എത്തിയത്. തലസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ വിലാപയാത്രയായി വിഎസിന്റെ ജന്മദേശമായ ആലപ്പുഴ പുമ്പ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും.


ബുധനാഴ്ച സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിൽ വിഎസിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് ആലപ്പുഴ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും സമരനായകനെ ഒരുനോക്കു കാണാനായി വിഎസിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടിൽ മൃതദേഹം സംസ്‌കരിക്കും. തലസ്ഥാന നഗരിയിൽ നിന്നുള്ള വിലാപയാത്ര തിരുവനന്തപുരത്ത് 27 ഇടത്ത് ജനങ്ങൾക്ക് ാെരു നോക്കു കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി നിർത്തുന്നതാണ്. പൊതു ദർശനവും വിലാപയാത്രയും കണക്കിലെടുത്ത് തിരുവനന്തപുരത്ത് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.


വി എസ് അച്യുതാനന്ദന്റെ പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പൊതു ജനങ്ങൾ പുളിമൂട് , ഹൗസിങ് ബോർഡ് ജംഗ്ഷൻ, രക്തസാക്ഷിമണ്ഡപം എന്നീ സ്ഥലങ്ങളിൽ ഇറങ്ങിയ ശേഷം ദർബാർ ഹാളിലേക്ക് പോകേണ്ടതാണ്.


പൊതുദർശനത്തിനായി വരുന്നവരുടെ ചെറിയ വാഹനങ്ങൾ യൂണിവേഴ്‌സിറ്റി ക്യാംപസ്, വെള്ളയമ്പലം വാട്ടർ അതോറിറ്റി പാർക്കിങ് ഗ്രൗണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം ഗ്രൗണ്ട്, ടാഗോർ തിയറ്റർ ഗ്രൗണ്ട്, തൈക്കാട് പിറ്റിസി ഗ്രൗണ്ട് എന്നിവിടങ്ങളിലായി പാർക്ക് ചെയ്യണം. വിലാപയാത്ര കടന്ന് പോകുന്ന സമയത്ത് ഗതാഗത തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ വാഹനം വഴി തിരിച്ച് വിടുമെന്നും പൊലീസ് അറിയിച്ചു. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിന് 0471-2558731, 9497930055 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ചു

Previous Post Next Post