തിരുവനന്തപുരം: ഈന്തപ്പഴത്തിന്റെ പെട്ടിയിൽ ഒന്നേകാൽ കിലോ എംഡിഎംഎ കടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ സഞ്ജുവിന് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് പൊലീസിന് സംശയം. ഇയാളുടെ ഫോണിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. കൊച്ചിയിൽ സിനിമാ ബന്ധമുള്ളവരുമായി ഇയാൾ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങൾ കേന്ദ്രീകരിച്ച് സഞ്ജു പല ഇടപാടുകളും നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. സഞ്ജുവിന്റെ ബാങ്ക് ഇടപാടുകൾ പൊലീസ് പരിശോധിക്കും. ഒമാനിൽ നിന്നെത്തിച്ച, രാജ്യാന്തര വിപണിയിൽ 3 കോടിയോളം രൂപ വിലമതിക്കുന്ന എംഡിഎംഎ കടത്തുന്നതിനിടെയാണ് സഞ്ജു ഉൾപ്പെടെ 4 പേരെ ഡാൻസാഫ് സംഘം പിടികൂടുന്നത്.
ഒമാനിൽനിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ സഞ്ജുവിന്റെ ബാഗേജിലെ, വീട്ടിലേക്കുള്ള ആഡംബര ലൈറ്റുകൾ, വിലകൂടിയ പാത്രങ്ങൾ, വസ്ത്രം എന്നിവയ്‌ക്കൊപ്പമുണ്ടായിരുന്ന ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളിലായിരുന്നു എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഈ വർഷം 4 തവണ സഞ്ജു ഒമാനിലേക്കു യാത്ര ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഇത്രയുമധികം രാസലഹരി കടത്തിയിട്ടും വിമാനത്താവളത്തിൽ എന്തുകൊണ്ട് കണ്ടെത്തിയില്ല എന്നതും സംശയത്തിനിടയാക്കുന്നു. 2023ൽ ഞെക്കാടിനു സമീപം വളർത്തുനായ്ക്കളെ കാവൽ നിർത്തി ലഹരി കച്ചവടം നടത്തിയ കേസിൽ ഇയാൾ പിടിയിലായിരുന്നു.