തിരുവനന്തപുരം: തേവലക്കരയിലെ വിദ്യാർഥിയുടെ അപകട മരണത്തിന് പിന്നാലെ സ്‌കൂൾ അധികൃതരുടെ അലംഭാവത്തിൽ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ പല തവണ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ചെയ്യേണ്ട കാര്യങ്ങളെ പറ്റി നിരവധി നിർദേശങ്ങൾ നൽകിയിട്ടുള്ളതാണ്. ഇതിൽ സ്‌കൂൾ കോമ്പൗണ്ടിലൂടെ വൈദ്യുതി ലൈൻ കടന്ന് പോകാൻ പാടില്ലെന്നും പറഞ്ഞിട്ടുണ്ട്. ഇതൊന്നും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ലേയെന്നും മന്ത്രി ചോദിച്ചു.
'സ്‌കൂൾ തുറക്കുന്നതിന് മുമ്പ് നൽകിയിട്ടുള്ള നൂറോളം നിർദേശങ്ങളിൽ പ്രധാനപ്പെട്ട കാര്യമായിരുന്നു വൈദ്യുതി കമ്പി സ്‌കൂൾ കോമ്പൗണ്ടിലൂടെ പോകാൻ പാടില്ലെന്നത്. അങ്ങനെയുണ്ടെങ്കിൽ അവ നീക്കം ചെയ്യണമെന്നും നിർദേശം നൽകിയിരുന്നു. ഇതെല്ലാം കൃത്യമായി പറഞ്ഞിട്ടുള്ള കാര്യമാണ്.
സ്‌കൂളിൽ ഇത്തരത്തിൽ ഇലക്ട്രിക് ലൈൻ കടന്നുപോകുന്നത് അധ്യാപകരും പ്രധാന അധ്യാപകനും കാണുന്നതല്ലേ? ഹൈസ്‌കൂൾ എച്ച്എമ്മിനും അധ്യാപകർക്കുമെല്ലാം പിന്നെ എന്താ ജോലി. ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതല്ലേ..'
കേരളത്തിലെ 14,000 സ്‌കൂളും വിദ്യാഭ്യാസ ഡയറക്ടർക്ക് ശ്രദ്ധിക്കാൻ പറ്റില്ലല്ലോ. സ്‌കൂളിന്റെ അധിപനായിരിക്കുന്ന ആൾ സർക്കാരിൽ നിന്ന് നൽകുന്ന നിർദേശങ്ങൾ വായിച്ചെങ്കിലും നോക്കണ്ടേ. ഒരു മകനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ അനാസ്ഥ കാണിച്ചവർക്കതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.