കണ്ണൂർ: കേരളത്തിലെ പുതിയ ഡിജിപി റവാഡ എ ചന്ദ്രശേഖറിന് കൂത്തുപറമ്പ് വെടിവെപ്പിൽ പങ്കില്ലെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. വെടിവെയ്പിന് മുൻപ് റവാഡ ചന്ദ്രശേഖർ മന്ത്രിയുമായി സംസാരിച്ചിരുന്നില്ല. ഗൂഢാലോചനയിലോ മറ്റോ പങ്കെടുത്തിരുന്നില്ലെന്നും സിപിഎം സെക്രട്ടേറിയറ്റ് അംഗം കൂടിയായ എം വി ജയരാജൻ കണ്ണൂരിൽ പ്രതികരിച്ചു.
കൂത്തുപറമ്പ് വെടിവെയ്പ്പ് സംഭവത്തിൽ മുഖ്യ ഉത്തരവാദികൾ അന്നത്തെ ഡിവൈഎസ്പി ഹകീം ബത്തേരിയും ഡെപ്യൂട്ടി കലക്ടർ ടി ടി ആന്റണിയുമാണ്. ഈക്കാര്യങ്ങളെല്ലാം വെടിവെയ്പ്പിനെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ റിപോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഡിജിപിയും സംഭവ സമയത്ത് എ എസ് പി യുമായ റവാഡ ചന്ദ്രശേഖറിന് വെടിവയ്പ്പിൽ യാതൊരു പങ്കുമില്ലെന്നും എം വി ജയരാജൻ പറഞ്ഞു.
കൂത്തുപറമ്പ് വെടിവെയ്പ്പ് സമയത്ത് എസ്പിയായിരുന്ന പദ്മ കുമാർ ഡിജിപിയായാണ് വിരമിച്ചത്. ഇപ്പോഴത്തെ വിവാദങ്ങളിൽ അടിസ്ഥാനമില്ല. യുപിഎസ്‌സിയുടെ അഞ്ചംഗ വിദഗ്ധ സമിതിയാണ് ഡിജിപി നിയമനത്തിനുള്ള മൂന്ന് പേരുടെ ലിസ്റ്റ് സംസ്ഥാന സർക്കാരിന് നൽകിയത്. അതിൽ നിന്ന് ഒരാളെ ഡിജിപിയാക്കുകയാണ് സർക്കാർ ചെയ്തത്. മറ്റ് വിവാദങ്ങളുടെ ആവശ്യമില്ലെന്നും എം വി ജയരാജൻ ചൂണ്ടിക്കാട്ടി.