ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) തനിച്ച് മത്സരിക്കും. പനൈയൂരിൽ ചേർന്ന ടിവികെയുടെ ആദ്യ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പാർട്ടിയുടെ രാഷ്ട്രീയ അജണ്ട വിജയ് പ്രഖ്യാപിച്ചത്. ബിജെപിയുമായി നേരിട്ടോ പരോക്ഷമായോ ഒരു സഖ്യത്തിനും തമിഴക വെട്രി കഴകം തയ്യാറാകില്ലെന്നും വിജയ് പ്രഖ്യാപിച്ചു.
തമിഴ്‌നാട്ടിൽ ടിവികെ ബിജെപിയുമായി സഹകരിച്ചേക്കും എന്ന അഭ്യൂഹങ്ങൾ പൂർണമായി തള്ളിക്കൊണ്ടാണ് വിജയ് രാഷ്ട്രീയ ലക്ഷ്യം പ്രഖ്യാപിച്ചത്. പ്രത്യയശാസ്ത്രപരമായ എതിരാളികൾ എന്നും വിഭജന രാഷ്ട്രീയം ഉയർത്തുന്ന രാഷ്ട്രീയ പാർട്ടി എന്നുമാണ് വിജയ് ബിജെപിയെ വിശേഷിപ്പിച്ചത്. ഡിഎംകെ, എഐഎഡിഎംകെ എന്നീ പാർട്ടികളെ പോലെ പ്രത്യയശാസ്ത്രത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ടിവികെ തയ്യാറല്ല, ബിജെപിയുമായി ഒരു സഖ്യത്തിനും പാർട്ടി തയ്യാറല്ലെന്നും വിജയ് വ്യക്തമാക്കുന്നു.
അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനെ വിജയ് യെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി ഉയർത്തിക്കാട്ടി നേരിടാനും ടിവികെ എക്‌സിക്യൂട്ടീവ് യോഗത്തിൽ ധാരണയായി. ഇത് സംബന്ധിച്ച് പ്രമേയവും കമ്മിറ്റി പാസാക്കി. പാർട്ടിയുടെ സഖ്യം സംബന്ധിച്ച വിഷയത്തിൽ അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളാൻ ടിവികെ എക്‌സിക്യൂട്ടീവ് യോഗം വിജയ് യെ ചുമതലപ്പെടുത്തി. ടിവികെ എക്‌സിക്യൂട്ടീവ് അംഗങ്ങൾ, ജില്ലാ സെക്രട്ടറിമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അതേസമയം, സംസ്ഥാനത്ത് പാർട്ടിയുടെ ശക്തി വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനും യോഗത്തിൽ ധാരണയായി. ജൂലൈ രണ്ടാം വാരം മുതൽ മെംബർഷിപ്പ് കാംപയിൻ ആരംഭിക്കും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി വിജയ് ജന സമ്പർക്ക പരിപാടികളുമായി സജീവമാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. സെപ്തംബർ മുതൽ ഡിസംബർ വരെയായിരിക്കും വിജയ് യുടെ സംസ്ഥാന പര്യടനം.
എം കെ സ്റ്റാലിൻ നയിക്കുന്ന ഡിഎംകെ സർക്കാരിന്റെ നയങ്ങളെയും വിജയ് യോഗത്തിൽ രൂക്ഷമായി വിമർശിച്ചു. സ്റ്റാലിന്റ സർക്കാരിന്റെ പറണ്ടൂർ വിമാനത്താവള പദ്ധതിയെ ഉൾപ്പെടെ വിമർശിച്ചായിരുന്നു വിജയ് രംഗത്തെത്തിയത്. പദ്ധതിക്കായി ജനങ്ങളെ കുടിയിറക്കേണ്ടിവരുമെന്ന് വിഷയം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു വിജയിന്റെ വിമർശനം. ജനങ്ങളുടെ മുഖ്യമന്ത്രി എന്ന് അവകാശപ്പെടുന്ന സ്റ്റാലിൻ പറണ്ടൂരിലെ ജനങ്ങളെ കാണാൻ തയ്യാറാകുന്നില്ലെന്നും വിജയം ചൂണ്ടിക്കാട്ടി. വിഷയത്തിൽ സർക്കാർ അനുഭാവ പൂർണമായ നിലപാടുകൾ സ്വീകരിച്ചില്ലെങ്കിൽ പറണ്ടൂരിൽ നിന്നുള്ള ജനങ്ങളുമായി ചേർന്ന് സെക്രട്ടേറിയറ്റിൽ എത്തി സ്റ്റാലിനെ കാണുമെന്നും വിജയ് പ്രതികരിച്ചു.