കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർഥി മിഥുന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തി ജനം. ഉച്ചയ്ക്ക് രണ്ടുമണിയോടെ, പ്രിയപ്പെട്ട കൂട്ടുകാരുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ ശേഷം വിലാപയാത്രയായാണ് മൃതദേഹം വിളന്തറയിലെ വീട്ടിലെത്തിച്ചത്. പൊന്നുമോനെ അവസാനമായി കാണാൻ വിദേശത്തുനിന്ന് എത്തിയ അമ്മയുടെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ കേട്ട് കേട്ട് എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉറ്റവരും നാട്ടുകാരും. ഇനി ഒരിക്കൽപോലും മിഥുൻ ആ വീട്ടിൽ തിരിച്ചെത്തില്ലെന്ന്് അറിയുമ്പോൾ ഒരുനാടാകെ ഉള്ളുപൊളളുകയാണ്.
ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ വച്ചാണ് മിഥുന്റെ സംസ്‌കാരം. നൂറ് കണക്കിനാളുകളാണ് മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ തേവലക്കര സ്‌കൂളിലെത്തിയത്. ആശുപത്രിയിൽനിന്ന് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ റോഡിന്റെ ഇരുവശവും മിഥുനെ അവസാനമായി ഒരുനോക്കു കാണാൻ നാടൊന്നാകെ ഒഴുകിയെത്തി. കൊച്ചുമകന്റെ ചേതനയറ്റ ശരീരം കണ്ട് മിഥുന്റെ പിതാവിന്റെ അമ്മ മണിയമ്മയും ക്ലാസ് ടീച്ചറും തളർന്നുവീണു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കുഴഞ്ഞുവീണ ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രിയപ്പെട്ട മകന് അന്ത്യചുംബനം നൽകാൻ അമ്മ സുജയും വിദേശത്തുനിന്നും നാട്ടിലെത്തി. തുർക്കിയിലായിരുന്നു സുജ ഇൻഡിഗോ വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ സുജ ബന്ധുക്കൾക്കൊപ്പം ഉച്ചയോടെയാണ് വീട്ടിലെത്തിയത്. അൻവർ സാദത്ത് എംഎൽഎ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു. ഇളയമകന്റെ ചേതനയറ്റ ശരീകം കണ്ടതോടെ അവനെ ചേർത്തുപിടിച്ച് സുജ പൊട്ടിക്കരഞ്ഞു. കണ്ടുനിന്നവരെ ആ കാഴ്ച കണ്ണീരീലാഴ്ത്തി.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും 11 മണിയോടെയാണ് പൊതുദർശനത്തിനായി മിഥുന്റെ മൃതദേഹം സ്‌കൂളിൽ എത്തിച്ചത്. ഉച്ചയ്ക്ക് ഒരു മണിവരെ സ്‌കൂളിൽ പൊതുദർശനം തുടർന്നു. തുടർന്നാണ് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലേക്കു കൊണ്ടുപോയത്.
സ്‌കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയപ്പോഴാണ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനിൽ മനുവിന്റെയും സുജയുടെയും മകനുമായ മിഥുൻ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. തറയിൽ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്നും സൈക്കിൾ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.