കനത്ത മഴ: ഹെലികോപ്റ്റര്‍ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം മുടങ്ങി

തൃശൂർ : കനത്ത മഴയെത്തുടർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ ഗുരുവായൂർ യാത്ര മുടങ്ങി. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കാതിരുന്നതാണ് യാത്ര മുടങ്ങാൻ കാരണം. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ ഇറക്കാൻ നിശ്ചയിച്ചിരുന്നത്. ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കാതിരുന്നതിനെത്തുടർന്ന് ഉപരാഷ്ട്രപതി കൊച്ചിയിലേക്ക് തിരിച്ചു പോയി.


ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഭാര്യ ഡോ. സുദേഷ് ധൻകർ, കുടുംബാംഗങ്ങൾ എന്നിവരാണ് ഗുരുവായൂർ സന്ദർശനത്തിന് പോയത്. ഇന്നലെയാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ കൊച്ചിയിലെത്തിയത്. കൊച്ചി കളമശ്ശേരിയിൽ ഉപരാഷ്ട്രപതിക്ക് രാവിലെ പൊതുപരിപാടിയുണ്ട്.


നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) രാവിലെ 10.40 ന് വിദ്യാർഥികളും അധ്യാപകരുമായി ഉപരാഷ്ട്രപതി സംവാദം നടത്തും. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കൊച്ചിയിൽ ഇന്നും ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ ഒമ്പതുമുതൽ പകൽ ഒന്നുവരെ ദേശീയപാത 544, കളമശേരി എസ്സിഎംഎസ് മുതൽ കളമശേരി എച്ച്എംടി, സീപോർട്ട്-എയർപോർട്ട് റോഡ് തോഷിബ ജങ്ഷൻ, മെഡിക്കൽ കോളേജ് റോഡ്,കളമശേരി നുവാൽസ് വരെ കർശന ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.

Previous Post Next Post