'ബിജെപി അംഗത്വമെടുത്തുള്ള പദവി വേണ്ട'; നിലപാട് വ്യക്തമാക്കി തരൂർ, കേന്ദ്ര ദൂതനെ അറിയിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ബിജെപിയിൽ അംഗത്വം എടുത്തുകൊണ്ടുള്ള ഒരു പദവിയും വേണ്ടെന്ന് തരൂർ, കേന്ദ്രസർക്കാരിനോട് വ്യക്തമാക്കിയതായി റിപ്പോർട്ട്. ഉപരാഷ്ട്രപതി പദവിയിലേക്ക് ഉൾപ്പെടെ തരൂരിനെ കേന്ദ്ര സർക്കാർ പരിഗണിക്കുന്നു എന്ന വാർത്തകൾ വരുന്നതിനിടെയാണിത്. ബിജെപിയിൽ അംഗത്വം എടുത്തുകൊണ്ടുള്ള ഒരു പദവിയും തനിക്ക് വേണ്ടെന്നാണ് തരൂരിന്റെ നിലപാട്. ഇക്കാര്യം ബിജെപി തരൂരുമായി ചർച്ചയ്ക്ക് നിയോഗിച്ച ദൂതനോട് ഉൾപ്പെടെ തരൂർ വ്യക്തമാക്കിയെന്നാണ് വിവരം.


ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന കേശവദേവ് സാഹിത്യ പുരസ്‌കാര വിതരണ ചടങ്ങിന് ശേഷം നടത്തിയ പ്രതികരണത്തിലും തരൂർ ഉപരാഷ്ട്രപതി സ്ഥാനാർഥി അഭ്യൂഹങ്ങൾ തള്ളിയിരുന്നു. ഉപരാഷ്ട്രപതി സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിൽ നിന്നും തരൂർ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. ഇന്നലെ കോട്ടയത്ത് പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി പരിപാടിയിൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം തരൂർ പങ്കെടുക്കുകയും ചെയ്തിരുന്നു.


പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ വിഷയങ്ങളിൽ പാർലമെന്റിൽ തിങ്കളാഴ്ച നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കാൻ കോൺഗ്രസ് തരൂരിനെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ് നേതാവ് ശശി തരൂർ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. ചർച്ചയിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്ന് തരൂർ ലോക്സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗോഗോയിയെ അറിയിച്ചു. ഈ വിഷയത്തിൽ ചർച്ചയിൽ പങ്കെടുക്കാനില്ലെന്നും, മറ്റേതെങ്കിലും ബില്ലിന്മേൽ ചർച്ചയിൽ പങ്കെടുക്കാമെന്നും ശശി തരൂർ അറിയിച്ചതായാണ് വിവരം.


കോൺഗ്രസിനോട് ഇടഞ്ഞ തരൂരിനെ തങ്ങൾക്കൊപ്പം നിർത്താൻ ബിജെപി സജീവമായി തന്നെ ശ്രമിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഉപരാഷ്ട്രപതി സ്ഥാനം അല്ലെങ്കിൽ ക്യാബിനറ്റിൽ സുപ്രധാന പദവി തുടങ്ങിയ വാഗ്ദാനങ്ങളും ബിജെപി തരൂരിന് മുന്നിൽ വച്ചിരുന്നു. എന്നാൽ ബിജെപിയിൽ പ്രാഥമിക അംഗത്വം എടുക്കണം വ്യവസ്ഥയിലാണ് ചർച്ചകൾ വഴിമാറിയതെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.


തരൂരിന്റെ ബിജെപി, മോദി അനുകൂല പരാമർശങ്ങളുടെ പേരിൽ നേരത്തെ സംസ്ഥാന കോൺഗ്രസ് പരിപാടികളിൽ നിന്നുൾപ്പെട് തരൂരിനെ മാറ്റി നിർത്തിയിരുന്നു. തരൂരുമായി സഹകരിക്കാനില്ലെന്ന് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം പരസ്യമായി നിലപാടെടുത്തതതോടെയാണ് ബിജെപി തരൂരിനെ ഒപ്പം കൂട്ടാനുള്ള നടപടികൾ ആരംഭിച്ചത്.

Previous Post Next Post