വിസി ഗവര്‍ണറുടെ കൂലിത്തല്ലുകാരനെ പോലെ പ്രവര്‍ത്തിക്കുന്നു; ചട്ടമ്പിത്തരവുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ല: വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെഎസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിൻറെ നടപടി ചട്ടവിരുദ്ധമെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. സിൻഡിക്കേറ്റിനെയും സബ് കമ്മിറ്റികളെയും മറികടന്നാണ് വിസിയുടെ നടപടി. ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെ വൈസ് ചാൻസലർ പ്രവർത്തിക്കുകയാണ്. അത്തരം ചട്ടമ്പിത്തരവുമായി മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.


സർവകലാശാല ചട്ടങ്ങൾ ലംഘിച്ചാണ് രജിസ്ട്രാറെ സസ്പൻഡ് ചെയ്തതെന്ന് ശിവൻകുട്ടി പറഞ്ഞു. രജിസ്ട്രാറെ നിയമിക്കുന്നത് സിൻഡിക്കേറ്റാണ്. അത്തരമൊരാൾക്കെതിരെ നടപടിയെടുക്കേണ്ടതും സിൻഡിക്കേറ്റാണ്. പത്തുദിവസത്തിൽ കൂടുതൽ ലീവ് അനുവദിക്കാൻ പോലും വിസിക്ക് അനുമതിയില്ല. അസിസ്റ്റന്റ് രജിസ്ട്രാർമാർവരെയുള്ളവർക്കെതിരെ നടപടിയെടുക്കാനേ വിസിക്ക് അധികാരമുള്ളു.


സംസ്ഥാനത്ത് പരമാവധി സംഘർഷങ്ങൾ ഉണ്ടാകട്ടെയെന്നതാണ് ഗവർണറുടെ നിലപാട്. ബിജെപി ഇതര ഭരണമുള്ള എല്ലാ സംസ്ഥാനങ്ങളിലും ഗവർണർ ആർഎസ്എസ്, ബിജെപി നിർദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നത്. മലയാളിയാണെങ്കിലും ബംഗാളിലെ ഗവർണർ ചെയ്യുന്നത് കാണുന്നില്ലേ? ഗവർണർമാർ പാരലൽ സംവിധാനമായി പ്രവർത്തിക്കുന്ന സ്ഥിതിയുണ്ടായത് ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെയാണ്. ഇപ്പോഴത്തെ ഗവർണർ സർക്കാരിനെതിരെ ടൈംടേബിൾ ഇട്ടാണ് പ്രവർത്തിക്കുന്നത്. ആരിഫ് മുഹമ്മദ്ഖാൻ പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നു ചെയ്ത്. ഇതിനെയെല്ലാം കേരളം പ്രതിരോധിക്കുമെന്ന് മന്ത്രി പറഞ്ഞു.


ജനാധിപത്യ കേരളത്തിൽ കേന്ദ്രം നൽകേണ്ട കാശു കിട്ടാഞ്ഞിട്ടും മലയാളികളാർക്കും ദൈനംദിന ജീവിതത്തിൽ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ജനങ്ങൾ കേരളത്തിൽ പട്ടിണി കിടക്കുന്നില്ലല്ലോ?. കേരളത്തെ അടുത്ത മാസം പട്ടിണിയില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാൻ പോകുകയാണ്. ബിജെപി ഗവർണമാർ ജനിച്ചുവീണ സംസ്ഥാനങ്ങളിലും ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളുടെയും ഗതിയെന്താണെന്നും വി ശിവൻകുട്ടി ചോദിച്ചു. ആർഎസ്എസ് പരിപാടികളിൽ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരാതാംബയെ വണങ്ങേണ്ട ഒരു കാര്യവുമില്ല. കാവിക്കൊടിയേന്തിയ ഭാരതാംബ ഒരു സഹോദരി അല്ലെങ്കിൽ ഒരു വനിത എന്ന നിലയിൽ കണ്ടാൽ മതിയെന്നും വി ശിവൻകുട്ടി പറഞ്ഞു.


അധികാരമില്ലാത്ത കാര്യങ്ങൾ ഗവർണർ പ്ലാൻ ചെയ്തു നടപ്പാക്കിയാൽ കഷ്ടമല്ലാതെ എന്തുപറയാനാണ്. ബിജെപി സർക്കാർ വരുന്നതിന് മുൻപുള്ള ഗവർണർമാർ പക്വതയുള്ളവും വിവേചന രഹിതമായി പെരുമാറുന്നുവരുമായിരുന്നു. ഇന്നയാൾ ഇന്ന സംസ്ഥാനത്തിന്റെ ഗവർണർ എന്നുപറയുന്നത് ഒരു മഹിമയായിരുന്നു. ഇന്ന് ജനം തലയിൽ കൈവെക്കുന്ന സ്ഥിതിയാണ്. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ നേട്ടങ്ങളെ ഇല്ലാതാക്കാനാണ് ഗവർണറുടെ ശ്രമം. കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുണ്ടാകരുതെന്നതാണ് ഇവരുടെ വിചാരമെന്നും ശിവൻകുട്ടി പറഞ്ഞു.

Previous Post Next Post