'75 ശതമാനം അംഗീകാരം'; നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും വിശ്വസനീയനായ നേതാവ്, സർവേ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും വിശ്വസനീയനായ നേതാവെന്ന് സർവേ. 75 ശതമാനം അപ്രൂവൽ റേറ്റിങ്ങോടെ ലോകത്തിലെ ഏറ്റവും വിശ്വസനീയനായ നേതാവ് എന്ന സ്ഥാനത്ത് മോദി തുടരുകയാണെന്ന് മോർണിങ് കൺസൾട്ടിന്റെ പുതിയ ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിങ്ങിൽ പറയുന്നു.


ജൂലൈ 4 നും 10 നും ഇടയിൽ നടത്തിയ റേറ്റിങ്ങിലാണ് ലോകത്തിലെ ഏറ്റവും വിശ്വസനീയനായ നേതാവായി മോദിയെ തെരഞ്ഞെടുത്തത്. ദക്ഷിണ കൊറിയയുടെ ലീ ജെയ്-മ്യുങ് (59 ശതമാനം), അർജന്റീനയുടെ ജാവിയർ മിലി (57 ശതമാനം), കാനഡയുടെ മാർക്ക് കാർണി (56 ശതമാനം) തുടങ്ങിയ നേതാക്കളെ മറികടന്നാണ് മോദി ആഗോള പട്ടികയിൽ മുന്നിലെത്തിയത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 44 ശതമാനവുമായി എട്ടാം സ്ഥാനത്താണ്. അന്താരാഷ്ട്ര വേദികളിലെ മോദിയുടെ ജനപ്രീതിയാണ് റേറ്റിങ്ങിൽ പ്രതിഫലിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു


മോർണിങ് കൺസൾട്ടിന്റെ ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗ് ട്രാക്കറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 മുതൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അന്ന് അദ്ദേഹത്തിന് 70 ശതമാനം അപ്രൂവൽ റേറ്റിങ് ആണ് ഉണ്ടായിരുന്നത്. 2022 ന്റെ തുടക്കത്തിൽ, അദ്ദേഹത്തിന്റെ റേറ്റിങ് ഏകദേശം 71 ശതമാനമായി ഉയർന്നു. 13 ലോക നേതാക്കളുടെ സർവേയിലാണ് അദ്ദേഹം ഒന്നാമതെത്തിയത്. ഏപ്രിൽ, സെപ്റ്റംബർ, ഡിസംബർ മാസങ്ങളിൽ നടത്തിയ സർവേകളിൽ റേറ്റിങ് 76 ശതമാനത്തിലെത്തി. 2023 ൽ ഉടനീളം അദ്ദേഹം ലീഡ് തുടർന്നു. 2024 ഫെബ്രുവരിയിൽ, അദ്ദേഹത്തിന്റെ അംഗീകാരം 78 ശതമാനത്തിലെത്തി.


'നൂറ് കോടി ഇന്ത്യക്കാരുടെ സ്‌നേഹവും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ബഹുമാനവും നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഏറ്റവും വിശ്വസനീയമായ നേതാവിനെ കണ്ടെത്തുന്നതിനുള്ള മോർണിങ് കൺസൾട്ട് ഗ്ലോബൽ ലീഡർ അപ്രൂവൽ ട്രാക്കറിൽ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തി. ശക്തമായ നേതൃത്വം. ആഗോള ബഹുമാനം. ഭാരതം സുരക്ഷിതമായ കൈകളിലാണ്,'- ബിജെപി നേതാവ് അമിത് മാളവ്യ എക്സിൽ കുറിച്ചു.

Previous Post Next Post