സിംല: പ്രകൃതിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ മനുഷ്യനേക്കാൾ വേഗത്തിൽ മൃഗങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമെന്നാണ് പൊതുവേ പറയുന്നത്. ഈ അവകാശവാദത്തിന് കരുത്തുപകരുന്നതാണ് ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള വാർത്തകൾ. ജനജീവിതം ദുസ്സഹമാക്കിയ ഹിമാചൽ പ്രദേശിലെ മഴയിൽ 20 കുടുംബങ്ങളിലെ 67 പേർ ഇപ്പോൾ കടപ്പെട്ടിരിക്കുന്നത് ഒരു വളർത്തുനായയോടാണ്. വളർത്തുനായയുടെ സമയോചിതമായ ഇടപെടൽ മൂലം ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് മാണ്ഡി ജില്ലയിലെ 67 ഗ്രാമവാസികൾ.
ജൂൺ 30 ന് അർദ്ധരാത്രിക്കും പുലർച്ചെ ഒന്നിനും ഇടയിൽ കനത്തമഴയെ തുടർന്ന് ഉണ്ടായ മലവെള്ളപ്പാച്ചിൽ മാണ്ഡിയിലെ ധരംപൂർ പ്രദേശത്തെ സിയാതി എന്ന ഗ്രാമത്തെ അക്ഷരാർഥത്തിൽ തുടച്ചുനീക്കിയിരിക്കുകയാണ്. തന്റെ വീടിന്റെ രണ്ടാം നിലയിൽ ഉറങ്ങിക്കിടന്ന വളർത്തുനായ പെട്ടെന്ന് ഉച്ചത്തിൽ കുരയ്ക്കാൻ തുടങ്ങിയതാണ് ഒരു കൂട്ടം ആളുകൾക്ക് ജീവൻ തിരിച്ചുകിട്ടാൻ സഹായകമായതെന്ന് സിയാതി നിവാസിയായ നരേന്ദ്ര പറഞ്ഞു. 'കുരയ്ക്കുന്ന ശബ്ദം കേട്ട് അസ്വാഭാവികത തോന്നിയ ഞാൻ ഉണർന്നു. ഞാൻ നായയുടെ അടുത്തേക്ക് പോയപ്പോൾ, വീടിന്റെ ചുമരിൽ ഒരു വലിയ വിള്ളൽ കണ്ടു, വെള്ളം അകത്തേയ്ക്ക് പ്രവേശിക്കാൻ തുടങ്ങി. ഞാൻ നായയുമായി താഴേക്ക് ഓടി എല്ലാവരെയും ഉണർത്തി,'- നരേന്ദ്ര പറഞ്ഞു.
പിന്നെ ഗ്രാമത്തിലെ മറ്റുള്ളവരെ ഉണർത്തി സുരക്ഷിത സ്ഥാനത്തേക്ക് ഓടാൻ ആവശ്യപ്പെട്ടു. അത്രയും അതിതീവ്രമായ മഴയാണ് പെയ്തിറങ്ങിയത്. ആളുകൾ എല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടി. ഉടൻ തന്നെ ഗ്രാമത്തിൽ ഒരു മണ്ണിടിച്ചിൽ ഉണ്ടായി. ഒരു ഡസനോളം വീടുകളാണ് നിലംപരിശായത്. ഗ്രാമത്തിൽ ഇപ്പോൾ നാലഞ്ച് വീടുകൾ മാത്രമേ കാണാൻ കഴിയൂ. ബാക്കിയുള്ളവ മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും നരേന്ദ്ര പറയുന്നു.
ജൂൺ 20 ന് മൺസൂൺ ആരംഭിച്ചതിനുശേഷം ഹിമാചൽ പ്രദേശിൽ കുറഞ്ഞത് 78 പേരാണ് മരിച്ചത്. ഇതിൽ 50 പേർക്ക് മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, മേഘസ്‌ഫോടനം എന്നിവ മൂലമാണ് ജീവൻ നഷ്ടമായത്.