കോഴിക്കോട്: വെങ്ങളത്ത് ബസ് പാലത്തിൽ ഇടിച്ചുകയറി അപകടം. മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം.
അമിത വേഗതയിലെത്തിയ ബസിന്റെ നിയന്ത്രണം നഷ്ടമായതോടെ വെങ്ങളം പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഒരുമീറ്ററോളം കൈവരിയിലേക്ക് ഇടിച്ചുനിൽക്കുന്ന തരത്തിലായിരുന്നു ബസ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ഉൾപ്പടെയുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റി.
യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതക്കുരുക്ക് ഉണ്ടായി. ബസിന്റെ ഡ്രൈവർക്കെതിരെ കേസ് എടുത്തതായി വെങ്ങളം പൊലീസ് അറിയിച്ചു.