ആലപ്പുഴ: യുവാക്കളുടെ ഹോബികളിൽ ഒന്നാണ് ലഹരിയും ഉല്ലാസ യാത്രയും. മദ്യവും മറ്റ് മയക്കുമരുന്നുകളുടേയും ഉപയോഗവും ഈ ഉല്ലാസയാത്രകളുടെ ഭാഗമാകാറുണ്ട്. ആ സമയത്താണ് ചില സാഹസികതകൾ മനസിൽ തോന്നുക. അങ്ങനെയൊരു സാഹചര്യത്തിലാണ് ശനിയാഴ്ച വൈകുന്നേരം മൂന്ന് യുവാക്കൾ കുടിവെള്ള ടാങ്കിൽ അതിക്രമിച്ച് കയറി കുളിച്ചത്. ഇതേത്തുടർന്ന് ആലപ്പുഴ ചേർത്തലയിലെ പള്ളിപ്പുറം സ്വദേശികളായ മൂന്ന് യുവാക്കളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. പള്ളിപ്പുറത്തെ കെഡബ്ല്യുഎ( കേരള വാട്ടർ അതോറിറ്റി) യുടെ 24 മീറ്റർ ഉയരത്തിലുള്ള കുടിവെള്ള ടാങ്കിലാണ് യുവാക്കൾ അതിക്രമിച്ചു കയറിയത്.
ശനിയാഴ്ച വൈകുന്നേരം 6.30നാണ് സംഭവം. കളരിത്തറ വീട്ടിൽ ജയരാജ്(27), പുത്തൻ നികത്തിൽ അതുൽ കൃഷ്ണ(27), മണ്ണാറംകാട് വീട്ടിൽ യദുകൃഷ്ണൻ(25) എന്നിവരാണ് 24 മീറ്റർ ഉയരമുള്ള വാട്ടർ ടാങ്കിൽ അനധികൃതമായി കയറിയത്. വിവരം അറിഞ്ഞ നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്.
പൊലീസെത്തി യുവാക്കളെ താഴെയിറക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ടാങ്ക് മലിനമായതിനാൽ ടാങ്കിലെ വെള്ളം മുഴുവൻ അധികൃതർ വറ്റിച്ചു. ഇതേത്തുടർന്ന് പള്ളിപ്പുറം പഞ്ചായത്തിന്റെ ചില ഭാഗങ്ങളിലേയ്ക്കുള്ള കുടിവെള്ള വിതരണം തടസപ്പെട്ടു. ടാങ്കിന് 16 ലക്ഷം ലിറ്റർ വെള്ളം കൊണ്ടുപോകാനുള്ള ശേഷിയുണ്ട്. സംഭവത്തെത്തുടർന്ന് 50,0000ത്തിലധികം ആളുകളുടെ കുടിവെള്ള വിതരണം രണ്ട് ദിവസത്തേയ്ക്ക് തടസപ്പെട്ടു. പ്രാഥമിക കണക്കനുസരിച്ച് കെഡബ്ല്യുഎയ്ക്ക് 1.4 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ജല അതോറിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു. വരും ദിവസങ്ങളിൽ കൃത്യമായ കണക്കറിയാൻ കഴിയും. വെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്കും അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നതിന് ശേഷം ചൊവ്വാഴ്ചയോടെ വീണ്ടും വെള്ളം വിതരണം ആരംഭിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.