ഒളിച്ചോട്ടം, തട്ടിക്കൊണ്ടു പോകല്‍; ഒരു വര്‍ഷത്തിനിടെ റെയില്‍വെ കണ്ടെത്തിയത് 16,000 കുട്ടികളെ

ന്യൂഡൽഹി: വിവിധ കാരണങ്ങളാൽ വീടുവിട്ട് ഒളിച്ചോടിയും കുറ്റവാളികളാൽ കടത്തപ്പെട്ടും ഒറ്റപ്പെട്ട കുട്ടികളെ കണ്ടെത്തിയതിന്റെ കണക്കുകൾ പുറത്തുവിട്ട് റെയിൽവെ. കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനാറായിരത്തിൽ അധികം ഇത്തരത്തിലുള്ള കുട്ടികളെയാണ് റെയിൽവെ കണ്ടെത്തിയത് എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ മൂവായിരത്തിൽ അധികം പെൺകുട്ടികളുണ്ടെന്നും റെയിൽവെ നടപ്പാക്കിയ ഓപ്പറേഷൻ 'നാൻഹെ ഫാരിസ്റ്റേ' പ്രകാരമുള്ള കണക്കുകൾ പറയുന്നു.


ടെയിനുകൾ, റെയിൽവെയുടെ പരിധിയിൽപ്പെടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നും കഴിഞ്ഞ വർഷം കണ്ടെത്തിയ കൂട്ടികളുടെ കണക്കുകളാണ് റെയിൽവെ പങ്കുവച്ചത്. കൗമാരക്കാരായ പതിനായിരത്തിൽ അധികം ആൺകുട്ടികളെയാണ് 2024 ൽ കണ്ടെത്തിയത്. ഇതേപ്രായത്തിലുള്ള 3000 പെൺകുട്ടികളെയും റെയിൽവെ അധികൃതർ കണ്ടെത്തി. ഈ വർഷം പാതി പൂർത്തിയാകുമ്പോഴും (ജൂൺ വരെ) നിസാര കാര്യങ്ങളുടെ പേരിൽ വീട് വിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണത്തിൽ ഉയർച്ചയുണ്ടെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. 2024 ൽ വീടുവിട്ടിറങ്ങിയ 7,570 ആൺകുട്ടികളെയും 3,344 പെൺകുട്ടികളെയുമാണ് കണ്ടെത്തിയത്. ഈ വർഷം ജൂൺ വരെ 4,177 ആൺകുട്ടികളെയും 1,911 പെൺകുട്ടികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്ന് റെയിൽവെ വ്യക്തമാക്കുന്നു.


വീട് വിട്ടിറങ്ങിയ കൂട്ടികൾക്ക് പുറമെ തട്ടിക്കൊണ്ടുപോയ 69 കുട്ടികളെയും കഴിഞ്ഞ വർഷം കണ്ടെത്താൻ കഴിഞ്ഞതായും റെയിൽവെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.


നിസാര വിഷയങ്ങളിലാണ് മിക്ക കുട്ടികളും വീട്ടിൽ നിന്ന് ഒളിച്ചോടാൻ തയ്യാറായത്. പഠന പ്രശ്‌നങ്ങൾ, രക്ഷിതാക്കളുടെ ശാസന, പരീക്ഷയിൽ മാർക്ക് കുറയൽ തുടങ്ങിയവയാണ് ഇതിൽ പ്രധാനം. മെട്രോ നഗരങ്ങളിൽ എത്തിയാൽ ജോലി ലഭിക്കുന്ന ധാരണയാണ് പലരെയും വീട് വിടാൻ പ്രേരിപ്പിച്ചതെന്നും റെയിൽവെ അധികൃതർ പറയുന്നു. എന്നാൽ വീടുവിട്ടിറങ്ങിയതിന് പിന്നാലെ ഉണ്ടാകുന്ന അലച്ചിലും ബുദ്ധിമുട്ടുകളും മൂലം പലരും വിഷാദ രോഗത്തിന്റെ വക്കിലെത്തിയ നിലയിലാണ് പലകുട്ടികളെയും കണ്ടെത്തിയത്. ഇത്തരത്തിൽ കണ്ടെത്തുന്ന കുട്ടികളെ ഔപചാരിക നടപടി ക്രമങ്ങൾ പൂർത്തിയാക്കി രക്ഷിതാക്കൾക്കൊപ്പം വിടുകയാണ് പതിവെന്നും അധികൃതർ പറയുന്നു.


ഈ വർഷം ഇതുവരെ 7 ആൺകുട്ടികളെ തട്ടിക്കൊണ്ടുപോവലിൽ നിന്ന് രക്ഷപ്പെടുത്തിയതായി റെയിൽവെ പറയുന്നു. 2024 ൽ ഇത് 65 കുട്ടികളായിരുന്നു ഈ ഗണത്തിൽപ്പെടുന്നത്. 2024 ൽ 69 കൗമാരക്കാരായ പെൺകുട്ടികളെയാണ് തട്ടിക്കൊണ്ട് പോകലിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഈ വർഷം ഇതുവരെ 13 പേരെ ഇത്തരത്തിൽ റെയിൽവെ പൊലീസ് രക്ഷപ്പെടുത്തിയെന്നും റെയിൽവെ വ്യക്തമാക്കുന്നു.


ട്രെയിനിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായിട്ടുള്ള വർധന ഏറെ പ്രധാനമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്റ്റേഷനുകളിലോ ട്രെയിനുകളിലോ കാണാതായതോ ഉപേക്ഷിക്കപ്പെട്ടതോ ആയ 844 ആൺകുട്ടികളെയാണ് 2024 ൽ കണ്ടെത്തിയത്. 2025-ൽ (ജൂൺ വരെ) 405 പിന്നിട്ടു. ഈ വിഭാഗത്തിൽ 436 പെൺകുട്ടികളെയാണ് 2024-ൽ കണ്ടെത്തിയത്. 2025-ൽ (ജൂൺ വരെ) 222 പെൺകുട്ടികളെയും റെയിൽവേ കണ്ടെത്തിയതായും അധികൃതർ പറയുന്നു. വിവിധ തരത്തിലുള്ള ആരോഗ്യ മാനസിക വെല്ലുവിളികൾ നേരിടുന്നതും പരിചരണം വേണ്ടതുമായ കുട്ടികളെയും ഇത്തരത്തിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയെന്നും റെയിൽവെ പറയുന്നു. '2024 ജനുവരി മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ പ്രത്യേക പരിചരണം വേണ്ട 1,399 ആൺകുട്ടികളെയും 659 പെൺകുട്ടികളെയും കണ്ടെത്താൻ കഴിഞ്ഞെന്നും റെയിൽവെ വ്യക്തമാക്കുന്നു.

Previous Post Next Post