സെന്‍സസിന് ഒരുങ്ങി രാജ്യം, ജാതി തിരിച്ചുള്ള കണക്കെടുക്കും; കേന്ദ്രം വിജ്ഞാപനം പുറത്തിറക്കി

ന്യൂഡൽഹി: ഇന്ത്യയിലെ പതിനാറാമത് സെൻസസ് നടപടികൾ ആരംഭിക്കുന്നു. സെൻസസ് (16th Census India) നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ജാതി തിരിച്ചുള്ള കണക്കെടുപ്പോട് കൂടിയ സെൻസസ് 2027 എന്ന പേരിലാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. 2026 ഒക്ടോബർ ഒന്ന് മുതൽ 2027 മാർച്ച് ഒന്ന് വരെയുള്ള കാലയളവിൽ ആയിരിക്കും സെൻസസ് നടപടികൾ പൂർത്തിയാക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥയുൾപ്പെടെ പരിഗണിച്ചാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.


ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം എന്ന നിലയിൽ ബൃഹത്തായ നടപടികളാണ് സെൻസസിന്റെ ഭാഗമായുണ്ടാവുക. 34 ലക്ഷം വരുന്ന ഉദ്യോഗസ്ഥർ നടപടിക്രങ്ങളുടെ ഭാഗമാകും. ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടെ ഉപയോഗപ്പെടുത്തി നടക്കുന്ന ഇത്തവണത്തെ സെൻസസിൽ ഇത്തരം ക്രമീകരണങ്ങൾക്കായി മാത്രം 1.3 ലക്ഷം ഉദ്യോഗസ്ഥരുണ്ടാകും. ജാതി സെൻസസും ഇതിന്റെ ഭാഗമാകുമെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.


രണ്ട് ഘട്ടങ്ങളായിട്ടായിരിക്കും ഇത്തവണത്തെ സെൻസസ് നടപടികൾ പൂർത്തീകരിക്കുക. ഓരോ വീട്ടിലെയും ഭവന സാഹചര്യങ്ങൾ, സ്വത്ത് വിവരങ്ങൾ, സൗകര്യങ്ങൾ എന്നിവ ശേഖരിക്കുന്ന ഹൗസ്ലിസ്റ്റിംഗ് ഓപ്പറേഷൻ ആണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. ജനസംഖ്യാ കണക്കെടുപ്പ് എന്ന രണ്ടാം ഘട്ടത്തിൽ ഓരോ വീട്ടിലെയും വ്യക്തിയുടെയും എണ്ണം, സാമൂഹിക - സാമ്പത്തിക, സാംസ്‌കാരിക, വിശദാംശങ്ങൾ ശേഖരിക്കും. വിവര ശേഖരണത്തിൽ ഉൾപ്പെടെ കർശന മാനദണ്ഡങ്ങൾക്ക് വിധേയമായി വിവരങ്ങളുടെ സുരക്ഷ ഉൾപ്പെടെ ഉറപ്പാക്കിക്കൊണ്ടായിരിക്കും സെൻസ് പുർത്തിയാക്കുകയെന്നും അധികൃതർ അറിയിക്കുന്നു.


പതിനാറാമത് സെൻസസിനുള്ള തയ്യാറെടുപ്പുകൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച വിളിച്ചുചേർത്ത യോഗത്തിൽ അവലോകനം ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, രജിസ്ട്രാർ ജനറൽ, സെൻസസ് കമ്മീഷണർ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാർ നാരായണൻ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Previous Post Next Post