ബംഗളൂരു ദുരന്തത്തില്‍ ആദ്യ അറസ്റ്റ്; ആര്‍സിബി മാര്‍ക്കറ്റിങ് തലവന്‍ പിടിയില്‍

ഐപിഎല്‍ കിരീട നേട്ടത്തിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് (Bengaluru Stampede Case) 11 പേര്‍ മരിച്ച സംഭവത്തില്‍ ആദ്യ അറസ്റ്റ്.

കിരീട ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിന്റെ മാര്‍ക്കറ്റിങ് തലവന്‍ നിഖില്‍ സോസലാണ് അറസ്റ്റിലായത്. ബംഗളൂരു പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബംഗളൂരു വിമാനത്താവളത്തില്‍ വച്ചാണ് നിഖില്‍ പിടിയിലായത്. മുംബൈയിലേക്ക് പോകുന്നതിനിടെയാണ് അറസ്റ്റ്.

വിക്ടറി പരേഡ് സംഘാടകരായ ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റ് നെറ്റ്‌വര്‍ക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മൂന്ന് ജീവനക്കാരേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഈ കമ്ബനിയേയും ആര്‍സിബി, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ പ്രതികളാക്കി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമീപത്തുണ്ടായ തിക്കിലും തിരക്കിലുപെട്ടാണ് 11 പേര്‍ മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് ടീമിന്റെ തുറന്ന വാഹനത്തിലെ റോഡ് ഷോയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് പൊലീസ് അവസാന നിമിഷം അനുമതി നിഷേധിച്ചത്.

പതിനെട്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബംഗളുരു കന്നിക്കീരിടം സ്വന്തമാക്കിയത്. ഇതിന്റെ ഭാഗമായി ആരാധരും ടീമും വിജയാഘോഷം ഗംഭീരമാക്കാന്‍ പരിപാടിയിട്ടിരുന്നു. ലക്ഷക്കണക്കിനു പേരാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. എന്നാല്‍ ഇവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ മാത്രം പൊലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. 5000 പൊലീസുകാരെ മാത്രമാണ് വിന്യസിച്ചത്.

Previous Post Next Post