'മുതിർന്ന ഐഎഎസ്സുകാർ അഭിനവ രാജാക്കന്മാർ, തിരുവായ്ക്ക് എതിരഭിപ്രായം പറയുന്നവരുടെ നാവരിയുന്നു'

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. കെ എം എബ്രഹാമിനെ ( Dr. K M Abraham ) വിമർശിച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ എൻ പ്രശാന്ത് ( N Prasanth IAS ) . സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും ക്യാമ്പെയിൻ അഴിച്ച് വിടുന്നത് സുപ്രീം കോടതിയോടുള്ള അനാദരവും കോടതിയലക്ഷ്യവുമല്ലേയെന്ന് പ്രശാന്ത് ഫെയ്‌സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.


വരവിൽ കവിഞ്ഞ സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ കെ എം എബ്രഹാം ഫെയ്‌സ്ബുക്കിലെ പോസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു പ്രശാന്തിന്റെ വിമർശനം. മുതിർന്ന ഐഎഎസ്സുകാർ അഭിനവ രാജാക്കന്മാരായി, തിരുവായ്ക്ക് എതിരഭിപ്രായം പറയുന്നവരുടെ നാവരിയുമ്പോളാണ് മറുവശത്ത് ഹൈക്കോടതി ജഡ്ജിയെ കൂളായി അധിക്ഷേപിക്കുന്നത്.


ചില വിരോധാഭാസങ്ങൾ അൺസഹിക്കബിൾ ആയത് കൊണ്ട് ചിലതൊക്കെ ചോദിച്ച് പോകുന്നതാണ്. നീണ്ട അഞ്ച് വർഷമായി ഏഴു ജഡ്ജിമാർ ഹർജി പരിഗണിക്കാതിരുന്നത് നല്ലതാണോ?. കോടതി വിധിയെയും വിധി പ്രസ്താവിച്ച ജഡ്ജിയെയും മാധ്യമങ്ങളിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും വിമർശിക്കുന്നത് ശരിയായ നടപടിയാണോ എന്നും പ്രശാന്ത് ചോദിച്ചു.


പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :


ഡോ. കെ.എം. എബ്രഹാം സാറിനോട് ബഹുമാനം മാത്രം. അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെടുന്ന 'വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച' കേസിന്റെ വിശദാംശങ്ങൾ അറിയില്ല. അദ്ദേഹം ഇന്നലെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത് കണ്ട അറിവ് മാത്രം. ചില വിരോധാഭാസങ്ങൾ അൺസഹിക്കബിൾ ആയത് കൊണ്ട് ചിലതൊക്കെ ചോദിച്ച് പോകുന്നതാണ് :


1. നീണ്ട അഞ്ച് വർഷമായി ഏഴു ജഡ്ജിമാർ ഹർജി പരിഗണിക്കാതിരുന്നത് നല്ലതാണോ? കേസുകൾ അനുകൂലമായോ പ്രതികൂലമായോ വേഗം തീർപ്പാക്കുന്നതല്ലേ അതിന്റെ ശരി?


2. 'പുതിയ' ജഡ്ജി വന്നപ്പോൾ കേസ് പരിഗണിച്ച് തീർപ്പാക്കുന്നത് 'വിചിത്ര'മാണോ? നല്ലതല്ലേ?


3. കോടതിവിധിയെയും വിധി പ്രസ്താവിച്ച ജഡ്ജിയെയും മാധ്യമങ്ങളിലൂടെയും ഫേസ് ബുക്കിലൂടെയും വിമർശിക്കുന്നത് ശരിയായ നടപടിയാണോ?


4. ജഡ്ജിക്ക് പരസ്യപ്രസ്താവന നടത്തി ഈ വിമർശനങ്ങളെ എതിർക്കാനാവില്ല എന്നിരിക്കെ, ജഡ്ജിയോട് കാണിക്കുന്നത് മര്യാദയാണോ?


5. ഇത് വ്യക്തമായ കോടതി അലക്ഷ്യമല്ലേ? കോടതി വിധി പ്രതികൂലമാണെങ്കിൽ മേൽ കോടതിയെ സമീപിച്ചാൽ പോരെ?


കേരള കേഡറിലെ ഉന്നതനായ ഡോ. ജയതിലകിന്റെ നിയമവിരുദ്ധമായ പ്രവൃത്തികൾ തെളിവ് സഹിതം ഫേസ് ബുക്കിൽ വെളിപ്പെടുത്തിയതിന് എനിക്ക് ലഭിച്ചത് സസ്‌പെൻഷനാണ്. അഴിമതിയും വ്യാജരേഖ ചമയ്ക്കലും തെളിവ് നശിപ്പിക്കലുമൊക്കെ ഉന്നത ഉദ്യോഗ്സ്ഥർക്ക് ആവാമെന്നും, ഒരു സർക്കാർ ഉദ്യോഗസ്ഥനായിപ്പോയി എന്നത് കൊണ്ട് ഞാൻ മിണ്ടിപ്പോകരുത് എന്നുമാണല്ലോ അതിനർത്ഥം. അത്ര പോലും ഉരിയാടാൻ വിലക്കുള്ള ഈ കേഡറിൽ നിയമാനുസരണം വിധി പ്രസ്താവിക്കുന്ന ഹൈക്കോടതി ജഡ്ജിയെ പരസ്യമായി ഫേസ് ബുക്കിൽ വിമർശിക്കാമോ? സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയും ഫേസ് ബുക്കിലൂടെയും ക്യാമ്പെയിൻ അഴിച്ച് വിടുന്നത് സുപ്രീം കോടതിയോടുള്ള അനാദരവും കോടതിയലക്ഷ്യവുമല്ലേ?


മുതിർന്ന ഐ.എ.എസ്സുകാർ അഭിനവ രാജാക്കന്മാരായി, തിരുവായ്ക്ക് എതിരഭിപ്രായം പറയുന്നവരുടെ നാവരിയുമ്പോളാണ് മറുവശത്ത് ഹൈക്കോടതി ജഡ്ജിയെ കൂളായി അധിക്ഷേപിക്കുന്നത്. ശരിക്കും വിചിത്രമായി തോന്നിയതുകൊണ്ട് ചോദിച്ച് പോകുന്നതാണ്.

Previous Post Next Post