കൊല്ലം: കുളത്തൂപ്പുഴയിൽ ഭർത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി രേഖയാണ് മരിച്ചത്. ഒളിവിൽ പോയ ഭർത്താവ് സനുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.
ഭാര്യയെ സാനുവിന് സംശയമായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവാണെന്നും ഇവർ പറയുന്നു. പന്ത്രണ്ട് മണിയോടെ വീട്ടിലെത്തിയ സാനു കത്രിക ഉപയോഗിച്ച് രേഖയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. നിലവിൡകേട്ട് ഓടിയെത്തിയ അയൽവാസികൾ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യയെ കുത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയ പ്രതി സനുവിനായി പൊലീസ് അന്വേഷണം തുടങ്ങി. വീടിന് സമീപത്തുള്ള വനത്തിലേക്ക് കയറിപ്പോയെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ കുളത്തുപുഴ പൊലീസ് അന്വേഷണം തുടങ്ങി.