കൊല്ലം: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ വളർത്തു നായയെ കൊണ്ടു കടിപ്പിച്ച പ്രതി പിടിയിൽ. കുണ്ടറയിൽ പടപ്പക്കക സ്വദേശി ജിജേഷ് ആണ് പിടിയിലായത്. സമീപവാസിയെ മർദിച്ചെന്ന കേസിൽ പ്രതിയായ ജിജേഷിനെ പിടികൂടാന്‍ എത്തിയതായിരുന്നു കുണ്ടറ സബ് ഇൻസ്പെക്ടർ സച്ചിൻ ലാലും സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്തും.
എന്നാൽ മദ്യ ലഹരിയിലായിരുന്ന ജിജേഷ് പൊലീസുകാരെ ആക്രമിച്ചു. കയ്യാങ്കളിക്കിടെ നിലത്തുവീണ പ്രതി എസ്ഐയുടെ കാലില്‍ കടിച്ചു. പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് വളർത്തു നായയെ അഴിച്ചു വിട്ട് കൊണ്ട് ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ സിവിൽ പൊലീസ് ഓഫീസറുടെ കാലിന് പരിക്കുണ്ട്.
വിവരം അറിഞ്ഞ് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി സാഹസികമായാണ് ജിജേഷിനെ കസ്റ്റഡിയില്‍ എടുത്തത്. 12-ഓളം ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് ജിജേഷ്. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, മൃഗത്തെ കൊണ്ട് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ജിജേഷിനെ അറസ്റ്റ് ചെയ്തത്.