പുതുചരിത്രമെഴുതി ശുഭാംശു ശുക്ല; ആക്‌സിയം പേടകം ബഹിരാകാശനിലയത്തിലെത്തി

ഫ്ളോറിഡ: ഇന്ത്യൻ ബഹിരാകാശ രംഗത്ത് പുതുചരിത്രമെഴുതി ശുഭാംശു ശുക്ലയുൾപ്പടെയുള്ള സഞ്ചാരികളെയും വഹിച്ച് ആക്‌സിയം 4 പേടകം ബഹിരാകാശനിലയത്തിലെത്തി. ഇന്ത്യൻ സമയം നാല് മണിയോടെയാണ് ആക്‌സിയം പേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ഡോക്കിങ് പൂർത്തിയാക്കിയത്.


24 മണിക്കൂറിലേറെ നീളുന്ന യാത്രയ്ക്കൊടുവിവിലാണ് സംഘം നിലയത്തിലെത്തിയത്. ആക്സിയം സ്പേസിന്റെ യൂട്യൂബ് ചാനലിൽ പേടകം നിലയവുമായി ഡോക്ക് ചെയ്യുന്നതിന്റേയും സംഘം നിലയത്തിലേക്ക് പ്രവേശിക്കുന്നതിന്റെയും തത്സമയ ദൃശ്യങ്ങൾ കാണാം. 14 ദിവസം ശുഭാംശുവും സംഘവും ബഹിരാകാശനിലയത്തിൽ കഴിയും. രാകേഷ് ശർമക്കുശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു. ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് 12.01നായിരുന്നു പേടകം വിക്ഷേപിച്ചത്.


ഇന്ത്യൻ എയർ ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശുവിനെ കൂടാതെ മൂന്ന് യാത്രികർ കൂടിയാണ് ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ശുഭാംശു ശുക്ലയ്ക്ക് പുറമേ, യുഎസിൽ നിന്നുള്ള പെഗ്ഗി വിറ്റ്‌സൺ, പോളണ്ടിൽ നിന്നുള്ള സ്ലാവസ് ഉസ്‌നാൻസ്‌കി വിസ്‌നിയേവിസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപ്പു എന്നിവരാണ് യാത്രികർ. സംഘത്തെ വഹിച്ചുള്ള ഡ്രാഗൺ ക്രൂ മൊഡ്യൂൾ, സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ നയൻ റോക്കറ്റിലാണ് കുതിച്ചുയർന്നത്.

Previous Post Next Post