തിരുവനന്തപുരം: പി വി അൻവറിന്റെ യുഡിഎഫ് പ്രവേശന സാധ്യത മങ്ങുന്നു. അൻവറിനോടുള്ള നിലപാട് മയപ്പെടുത്താതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിലപേശൽ രാഷ്ട്രീയത്തിന് മുന്നിൽ വഴങ്ങാനാവില്ലെന്നാണ് സതീശന്റെ അഭിപ്രായം. പ്രതിപക്ഷ നേതാവ് പറഞ്ഞതാണ് ഞങ്ങളുടെ തീരുമാനമെന്നും ആ തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോൾ ഉണ്ടായിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും അഭിപ്രായപ്പെട്ടു. സതീശന്റെ നിലപാടിനോട് കോൺഗ്രസ് പാർട്ടിക്കുള്ളിൽ കൂടുതൽ പിന്തുണ ലഭിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
വെള്ളിയാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി വിഷയം ചർച്ച ചെയ്‌തേക്കും. അൻവറിനെ മുന്നണിയിലെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് യുഡിഎഫിലെ ഘടകകക്ഷികളുടെയും നിലപാട്. അൻവർ സ്വയം കീഴടങ്ങിയാൽ മാത്രം ചർച്ച മതിയെന്നാണ് ഘടകകക്ഷികൾ അഭിപ്രായപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ. മുമ്പ് പറഞ്ഞതെല്ലാം തിരുത്തി നിരുപാധികം കീഴടങ്ങി അൻവർ വന്നാൽ മാത്രമേ, യുഡിഎഫിൽ എടുക്കുന്ന കാര്യത്തിൽ ചർച്ച ചെയ്യേണ്ടതുള്ളൂ എന്നാണ് മുന്നണിയ്ക്കകത്തെ പൊതുവികാരം.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 20,000ത്തോളം വോട്ട് നേടി അൻവർ കരുത്തുകാട്ടിയിരുന്നു. എന്നാൽ അതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ യുഡിഎഫ് പ്രവേശം സാധ്യമാകില്ലെന്നാണ് പുറത്തു വരുന്ന സൂചനകൾ വ്യക്തമാക്കുന്നത്. യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയാണ് അൻവർ നിലമ്പൂരിൽ മത്സരിക്കാൻ തീരുമാനിക്കുന്നത്. കൂടാതെ, പ്രതിപക്ഷ നേതാവ് വിഡി സതീശനു നേരെ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത വിമർശനങ്ങളും അൻവർ ഉയർത്തിയിരുന്നു. ഇതോടെയാണ് അൻവറിനെ അനുകൂലിച്ചിരുന്ന നേതാക്കൾ പോലും കൈവിടുന്ന നിലപാടിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ട്.
പിവി അൻവറിനെ മുന്നണിയിലെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കഴിഞ്ഞദിവസം ഒരു ചാനൽ അഭിമുഖത്തിൽ വിഡി സതീശൻ ആവർത്തിച്ചിരുന്നു. അൻവറിന് മുന്നിൽ വാതിൽ അടയ്ക്കാൻ തീരുമാനിച്ചത് യുഡിഎഫാണ്. അതിനപ്പുറം തനിക്കൊന്നും പറയാനില്ല. താൽക്കാലിക ലാഭത്തിനു വേണ്ടി എപ്പോഴെങ്കിലും വഴങ്ങിക്കൊടുത്താൽ പിന്നെ എപ്പോഴും വഴങ്ങി കൊടുത്തുകൊണ്ടിരിക്കേണ്ടി വരുമെന്ന് വി ഡി സതീശൻ പറഞ്ഞു.
നിലമ്പൂരിൽ യുഡിഎഫിന്റെ ടീം വർക്കാണ് വിജയം കണ്ടത്. ഒരു മുന്നണിയായല്ല, ഒറ്റ പാർട്ടി പോലെയാണ് പ്രവർത്തിച്ചത്. മുസ്ലിം ലീഗ് നേതാക്കളെല്ലാം വളരെ ശക്തമായ പ്രവർത്തനമാണ് നടത്തിയത്. മുന്നണി രാഷ്ട്രീയത്തിലെ പുതിയ സംഭവമാണ് നിലമ്പൂരിൽ കണ്ടത്. മുന്നണിയിലെ മുതിർന്ന നേതാക്കളെല്ലാം നിലമ്പൂരിൽ സജീവമായിരുന്നു. ഇതോടൊപ്പം യുവനേതാക്കളടങ്ങുന്ന യുഡിഎഫിന്റെ പുതിയ മുഖത്തെയും രംഗത്തിറക്കി. ഇത് മണ്ഡലത്തിലെ ചെറുപ്പക്കാരെ നല്ല തോതിൽ സ്വാധീനിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു.