ശ്രീചിത്രയില്‍ ശസ്ത്രക്രിയ മുടക്കം; രണ്ടുദിവസത്തിനകം നടപടി; പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് സുരേഷ് ഗോപി

                                               File Picture

തിരുവനന്തപുരം: ചികിത്സാ ഉപകരണങ്ങളുടെ ലഭ്യതക്കുറവു മൂലം ശസ്ത്രക്രിയകൾ മുടങ്ങിയ തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ പ്രശ്നം രണ്ടു ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി (suresh gopi). ഉപകരണങ്ങൾ വാങ്ങാൻ ഒരാഴ്ചയ്ക്കകം നടപടിയെടുക്കുമെന്നും രണ്ടു ദിവസത്തിനകം ശസ്ത്രക്രിയ പുനരാരംഭിക്കാനാകുമെന്നും സുരേഷ് ഗോപി അറിയിച്ചു.


നിലവിലെ സാഹചര്യം കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസിലും വിവരം കൈമാറുമെന്നും സുരേഷ് ഗോപി പറഞ്ഞു. ശ്രീചിത്രയിൽ എത്തിയ കേന്ദ്രമന്ത്രി സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തരയോഗം വിളിച്ചിരുന്നു. ശ്രീചിത്ര ഡയറക്ടർ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.


ശ്രീചിത്രയിൽ ഇന്നു നടക്കേണ്ട 5 അടിയന്തര ഇന്റർവെൻഷനൽ ശസ്ത്രക്രിയകൾ മാറ്റിവച്ചു. 2 രോഗസ്ഥിരീകരണ പരിശോധനകളും ഉപേക്ഷിച്ചു. തലച്ചോറിലെ ഹമാൻജ്യോമ ട്യൂമർ, തലയിലെ രക്തക്കുഴലുകൾ വീർക്കുന്ന രോഗമായ അനൂറിസം, പിത്താശയ കാൻസർ, കരളിലെ കാൻസറിനെ തുടർന്നു രക്തം ഛർദിക്കൽ എന്നിവ സംബന്ധിച്ചാണ് രോഗികൾക്ക് ഇന്ന് അടിയന്തര ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. പുതിയ തീയതി അറിയിച്ചിട്ടില്ല. ഉപകരണങ്ങൾ ലഭ്യമാക്കാൻ മാനേജ്മെന്റ് തയാറാകാത്ത സാഹചര്യത്തിൽ നാളെ നടക്കേണ്ട ശസ്ത്രക്രിയകളും മാറ്റിവയ്ക്കേണ്ടിവരുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

Previous Post Next Post