നവോദയ വിദ്യാലയ ഹോസ്റ്റലിൽ വിദ്യാർഥിനിക്ക് ഷോക്കേറ്റു; ഹോസ്റ്റലിലെ സ്ഥിരം സംഭവമെന്ന് പരാതി

 

കോട്ടയം : ജവഹർ നവോദയ വിദ്യാലയത്തിന്റെ ഹോസ്റ്റലിലെ സ്വിച്ച് ബോർഡിൽ നിന്ന് വിദ്യാർഥിനിക്ക് ഷോക്കേറ്റതായി പരാതി. മാതാപിതാക്കളാണ് പോലീസിൽ പരാതി നൽകിയത്. ഇന്നലെ രാവിലെ 7നാണ് സംഭവം.  കുട്ടിയുടെ കൈവിരലിന് വേദനയുള്ളതിനാൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പരിശോധനയ്ക്ക് ശേഷം ഇന്നലെ ഉച്ചയോടെ വീട്ടിലേക്ക് മടങ്ങി. കണ്ണിനും കൈയ്ക്കും വേദനയുള്ളതിനാൽ ചികിത്സ തുടരണമെന്ന് മാതാപിതാക്കൾ പറഞ്ഞു. 

വിദ്യാലയത്തിനെതിരെ കൂടുതൽ മാതാപിതാക്കൾ രം​ഗത്തെത്തിയിട്ടുണ്ട്. ഷോക്കൽക്കുന്നത് സ്ഥിരം സംഭവമാണെന്നും ഒരു വർഷത്തിനിടെ അഞ്ചോളം സംഭവങ്ങൾ ഉണ്ടായതായി മാതാപിതാക്കൾ ആരോപിച്ചു. ഹോസ്റ്റലുള്ള സ്ഥാപനമായിട്ടും സ്വന്തമായി വാഹനം ഇല്ലാത്തതിനാൽ മുക്കാൽ മണിക്കൂറോളം കഴിഞ്ഞ് ഓട്ടോയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നാണ് മാതാപിതാക്കൾ പറയുന്നത്.

 1987 ൽ പണിത കെട്ടിടം കാലപ്പഴക്കത്താൽ ഉണ്ടായ തകരാറാകാം കാരണമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. കെട്ടിടനവീകരണത്തിന് ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും ഉടൻ നിർമാണം തുടങ്ങുമെന്നും അധികൃതർ പറഞ്ഞു.

Previous Post Next Post