റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാൻ ശ്രമിക്കവേ ലോറിയിടിച്ച് ബൈക്ക് യാത്രക്കാർ മരിച്ചു. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വഴക്കുംപാറ അടിപ്പാതയ്ക്ക് മുകളിലാണ് അപകടം നടന്നത്.
എറണാകുളം സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്നാണ് പ്രാഥമികവിവരം.
ഞായറാഴ്ച രാത്രി 9.30-ഓടെ ആയിരുന്നു അപകടം. പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ബൈക്കാണ് അപകടത്തില്‍പെട്ടത്. ഹെല്‍മെറ്റ് ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണപ്പോള്‍ ബൈക്ക് പെട്ടെന്ന് നിർത്തുകയായിരുന്നു. ഈ സമയം പുറകില്‍ വന്ന ലോറി ബൈക്കിലേക്ക് ഇടിച്ചു കയറി.
ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പകുതിയോളം ഭാഗവും രണ്ട് യാത്രക്കാരും ലോറിയുടെ ടയറിനടിയില്‍ കുടുങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റിയതിന് ശേഷമാണ് വണ്ടിയ്ക്കടിയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.