താലിയും മാലയുമായി മുങ്ങും, വിവിധ ജില്ലകളിലായി രേഷ്മ പറ്റിച്ചത് നിരവധി യുവാക്കളെ, അറസ്റ്റ് പുതിയ വിവാഹത്തിന് ഓഡിറ്റോറിയത്തിലേക്ക് പോകുമ്ബോള്‍.


മാട്രിമോണിയില്‍ വിവാഹപരസ്യം നല്‍കി നിരവധി യുവാക്കളെ തട്ടിപ്പിനിരയാക്കിയ വിവാഹ തട്ടിപ്പുകാരി അറസ്റ്റില്‍.എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനിയും രണ്ടു വയസുകാരിയുടെ മാതാവുമായ രേഷ്‌മ ചന്ദ്രശേഖരനാണ് പുതിയ വിവാഹത്തിന് തൊട്ടുമുമ്ബ് പിടിയിലായത്.

വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി നാലുപേരുമായി വിവാഹവും നിശ്വയിച്ചിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. അടുത്ത വിവാഹത്തിനു തൊട്ടുമുമ്ബാണ് തിരുവനന്തപുരത്ത് നിന്നും ഇവരെ അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്‌മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയില്‍ ആര്യനാട് പൊലീസ് നാടകീയമായി അറസ്‌റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം മാട്രിമോണിയല്‍ പരസ്യത്തില്‍ രേഷ്മയുടെ വീഡിയോ കണ്ടാണ് തിരുവനന്തപുരം സ്വദേശിയായ പഞ്ചായത്ത് അംഗം ബന്ധപ്പെടുന്നത്. പിന്നാലെ അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ വിളിച്ച്‌ രേഷ്മയുടെ നമ്ബർ നല്‍കി. ഫോണില്‍ വിളിച്ച്‌ പരിചയപ്പെട്ട രേഷ്മയെ കോട്ടയത്തെ മാളില്‍ വച്ച്‌ കണ്ടുമുട്ടി.തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതില്‍ അമ്മയ്ക്ക് താല്‍പര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു.

സംസ്കൃതത്തില്‍ പിഎച്ച്‌ഡി ചെയ്യുകയാണെന്ന് പറഞ്ഞ രേഷ്മ ജൂണ്‍ ആറിന് വിവാഹത്തിനും സമ്മതിച്ചു. ആദ്യവിവാഹമെന്നാണ് പറഞ്ഞിരുന്നത്. 5ന് വൈകിട്ട് തിരുവനന്തപുരത്ത് വെമ്ബായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടില്‍ താമസിപ്പിച്ചു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തില്‍ സുഹൃത്തിൻ്റെ ഭാര്യയ്ക്ക് അസ്വാഭാവികത തോന്നുകയായിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെ ബാഗ് പരിശോധിച്ചതും പൊലീസില്‍ പരാതി നല്‍കിയതും. 10 പേരെ രേഷ്മ വിവാഹം ചെയ്തതായും നാല് പേരെ വഞ്ചിക്കാൻ പദ്ധതിയിട്ടിരുന്നതായുമാണ് പഞ്ചായത്ത് അംഗം പൊലീസിനെ ഉദ്ധരിച്ച്‌ ആരോപിക്കുന്നത്.

രേഷ്മയുടെ ബാഗില്‍ നിന്നും മുൻപ് നടന്ന വിവാഹങ്ങളുടെ സർട്ടിഫിക്കറ്റ് കണ്ടത്തിയിട്ടുണ്ട്. 45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്‌മ എത്തിയതെന്നും അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വരൻ നല്‍കുന്ന താലിയും മാലയുമായി മുങ്ങാനായിരുന്നു പ്ലാൻ. പിറ്റേന്ന് തൊടുപുഴയില്‍ പുസ്തകം വാങ്ങാൻ പോകണമെന്ന് യുവതി പറഞ്ഞിരുന്നതായും പഞ്ചായത്തംഗം പറഞ്ഞു.

Previous Post Next Post