അന്‍വറിനെ യുഡിഎഫില്‍ എടുക്കണമെന്ന് സുധാകരന്‍; വേണ്ടെന്ന് രാഷ്ട്രീയകാര്യസമിതി; ഭിന്നത

തിരുവനന്തപുരം: നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പിവി അൻവറിനെ യുഡിഎഫിൽ എടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയിൽ ഭിന്നത. അൻവറിനെ യുഡിഎഫിൽ എടുക്കണമെന്ന് മുൻ കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരൻ ആവശ്യപ്പെട്ടു. എന്നാൽ അൻവറിനെ എടുക്കേണ്ടതില്ലെന്ന നിലപാടാണ് യുവനേതാവായ റോജി എം ജോൺ രാഷ്ട്രീയകാര്യ സമിതിയിൽ അറിയിച്ചത്. അതിനെ ഭൂരിപക്ഷം അംഗങ്ങളും പിന്തുണച്ചു. അൻവറിന്റെ സഹായമില്ലാതെയാണ് നിലമ്പൂരിൽ ജയിച്ചതെന്നും അംഗങ്ങൾ പറഞ്ഞു.


തുടർച്ചയായുള്ള മോദി സ്തുതിയിൽ പാർട്ടി എംപി ശശി തരൂരിന്റെ കാര്യത്തിൽ തീരുമാനം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സ്ഥിരം പ്രശ്‌നമുണ്ടാക്കുന്നവർക്കെതിരെ നടപടി വേണമെന്നും ഷാനി മോൾ ഉസ്മാൻ പറഞ്ഞു. ജമാ അത്തെ ഇസ്സാമി ബന്ധത്തെ ചൊല്ലിയും യോഗത്തിൽ ഭിന്നതയുണ്ടായി.


തദ്ദേശ തെരഞ്ഞെടുപ്പിൽ ഐക്യത്തോടെ മുന്നേറാൻ കഴിഞ്ഞാൽ കഴിഞ്ഞ തവണത്തെക്കാൾ മികച്ച മുന്നേറ്റം ഉണ്ടാക്കാനാകുമെന്നും രാഷ്ട്രീയകാര്യസമിതി വിലയിരുത്തി. അതിനൊപ്പം തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകണമെന്നും അതിനുമുൻപായി പാർട്ടി പുനഃസംഘടയുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകണമെന്നും രാഷ്ട്രീയകാര്യ സമിതിയിൽ അഭിപ്രായമുയർന്നു.

Previous Post Next Post