തൃശൂർ: വാൽപ്പാറയിൽ നാലു വയസുകാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ നരഭോജി പുലി കെണിയിൽ കുടുങ്ങി. പച്ച മല എസ്‌റേറ്റിന് സമീപത്ത് വനം വകുപ്പ് വച്ച കെണിയിലാണ് പുലി കുടുങ്ങിയത്.
കഴിഞ്ഞദിവസമാണ് വീടിന് മുൻപിൽ കളിക്കുകയായിരുന്ന നാലു വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്നാണ് നാട്ടിൽ ഭീതി പരത്തിയ പുലിയെ കെണിയിലാക്കാൻ കൂട് സ്ഥാപിച്ചത്.
എസ്റ്റേറ്റ് ലയത്തിൽ നിന്ന് 300 മീറ്റർ മാറി കാട്ടിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. വ്യാപക തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകളാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാൽപ്പാറ.