നിലമ്ബൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവം: ഗുരുതര ആരോപണവുമായി ചികിത്സയില്‍ കഴിയുന്ന ഷാനുവിന്റെ അമ്മ

നിലമ്ബൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തു ( Ananthu death ) മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി ഷോക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷാനുവിന്റെ അമ്മ രജനി.സംഭവം നടന്ന സ്ഥലത്ത് മുമ്ബും വൈദ്യുതി കമ്ബികള്‍ ഇട്ടിരിക്കുന്നത് കണ്ടിരുന്നുവെന്നും അത് കെഎസ്‌ഇബി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'അടുത്തുള്ള വീട്ടില്‍ നിന്ന് വലിയ കരച്ചില്‍ കേട്ടതിന് പിന്നാലെ അടുത്തുള്ളവര്‍ സ്ഥലത്തേക്ക് ഓടിപ്പോകുകയായിരുന്നു. പിന്നാലെ ഫ്യൂസ് ഊരിയതിന് ശേഷമാണ് ഇവരെ വെള്ളത്തില്‍ നിന്ന് എടുത്ത് കൊണ്ടുപോയത്. അവിടെ ആള്‍ക്കാര്‍ താമസിക്കുന്ന സ്ഥലമല്ല. 2018-ല്‍ ഉരുള്‍പ്പൊട്ടലുണ്ടായതിന് പിന്നാലെ കൂടുതല്‍ ആള്‍ക്കാരും മാറി താമസിച്ചിരുന്നു. വനത്തിനോട് ചേര്‍ന്നുള്ള തോട്ടിന്റെ കരയിലൂടെയാണ് കമ്ബി ഇട്ടിരുന്നത്. കമ്ബിയില്‍ അറിയാതെ കുട്ടികള്‍ ചവിട്ടിപ്പോയതാണ്. ഒരാള്‍ വീണതോടെ മറ്റുരണ്ടുപേര്‍ പിടിക്കാന്‍ വേണ്ടി വന്നതാണ്. അതോടെ മൂന്നുപേരും തോട്ടിലെ വെള്ളത്തില്‍ വീഴുകയായിരുന്നു. ഒപ്പമുള്ളവര്‍ എങ്ങനെയൊക്കയോ കരകയറ്റിയിട്ട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഷാനുവിന്റെ രണ്ടു കാലിലും മുറിവുണ്ട്. ഡ്രസ് ചെയ്തിട്ടുണ്ട്. പനിയുണ്ടായിരുന്നു. മാനസികമായി ചെറിയ പ്രശ്‌നങ്ങളുണ്ട്. ഐസിയുവിലാണ്. നല്ല പേടിയുണ്ട്. അനന്തു മരിച്ച വിവരം അറിയിച്ചിട്ടില്ല. വീട്ടില്‍ എല്ലാവരും ഉണ്ട്. നിനക്ക് മാത്രമാണ് പരിക്ക് പറ്റിയത്. നാളെ വീട്ടില്‍ പോകാം എന്നൊക്കെ പറഞ്ഞാണ് ആശ്വസിപ്പിച്ചത്. ഷാനുവിന്റെ അച്ഛന്റെ അനിയന്റെ കുട്ടിയാണ് അനന്തു.'- രജനി പറഞ്ഞു.

'പന്നിക്കെണി ഇതിന് മുന്‍പും അവിടെ കണ്ടിട്ടുണ്ട്. അവിടെ ഒരു ഒറ്റപ്പെട്ട വീടുണ്ട്. ആ വീട്ടില്‍ ചേട്ടന്‍ കണ്ടിട്ടുണ്ടായിരുന്നു കമ്ബി ഇട്ടത്. ഉടന്‍ തന്നെ കെഎസ്‌ഇബിയോട് ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് പറഞ്ഞിരുന്നു. പക്ഷേ അവര്‍ നടപടി എടുത്തോയെന്ന് അറിയില്ല. അതുകൊണ്ടായിരിക്കാം രണ്ടാമതും. ഇത് പകല്‍സമയത്ത് വച്ചതായിരിക്കില്ല. പകല്‍സമയത്ത് വച്ചാല്‍ ആരെങ്കിലും കാണുമല്ലോ. രാത്രിയില്‍ ഇരുട്ടത് വച്ചതാണോ എന്നും അറിയില്ല. ഇതിന് മുന്‍പ് ഏട്ടന്‍ കെഎസ്‌ഇബിയോട് പറഞ്ഞിരുന്നു. രണ്ടുമൂന്ന് ആഴ്ച മുന്‍പ് കമ്ബി ഇങ്ങനെ കണ്ടപ്പോള്‍ പറഞ്ഞിരുന്നു. ആള്‍ക്കാര്‍ ഇത് അറിയാതെ വന്നാല്‍ അപകടം ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. അവിടെ ഒരു വീട് ഉണ്ടായത് കൊണ്ടാണ് അറിയാന്‍ കഴിഞ്ഞത്. അല്ലെങ്കില്‍ ഒന്നും അറിയാന്‍ കഴിയില്ല. കെഎസ്‌ഇബി നടപടി എടുത്തിരുന്നുവെങ്കില്‍ കുഴപ്പം ഉണ്ടാവുമായിരുന്നില്ല'- രജനി കൂട്ടിച്ചേര്‍ത്തു.

കെഎസ്‌ഇബിയുടെ വിശദീകരണം

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച (nilambur student death) സംഭവത്തില്‍ വിശദീകരണവുമായി കെഎസ്‌ഇബി. കെഎസ്‌ഇബിയുടെ സിംഗിള്‍ ഫേസ് ലൈനില്‍ നിന്ന് തോട്ടി ഉപയോഗിച്ച്‌ നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്താണ് സ്വകാര്യ വ്യക്തി കെണിവച്ചത്. വയര്‍ ഉപയോഗിച്ചും, ചിലയിടത്ത് ഇന്‍സുലേഷനില്ലാത്ത കമ്ബികള്‍ ഉപയോഗിച്ചും ലൈന്‍ വലിച്ചിരിക്കുകയായിരുന്നു എന്നും ദൃശ്യങ്ങള്‍ സഹിതം കെഎസ്‌ഇബി വിശദീകരിക്കുന്നു. ചില വ്യക്തികള്‍ കാട്ടിയ നിയമലംഘനത്തിന് കെഎസ്‌ഇബി യെ പഴി പറയുന്നത് തികച്ചും വസ്തുതാവിരുദ്ധവും അപലപനീയവുമാണെന്നും അധികൃതര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.

നിലമ്ബൂരില്‍ കുട്ടി മരിക്കാന്‍ ഇടയാക്കിയ വൈദ്യുതി പന്നിക്കെണിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സഹിതമാണ് കെ എസ് ഇ ബിയുടെ വിശദീകരണം. വൈദ്യുതി ലൈനില്‍ നിന്നും നേരിട്ട് വൈദ്യുതി എടുത്ത് പന്നിക്കെണി വച്ചത് കെഎസ്‌ഇബിയുടെ ഒത്താശയോടെയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കെഎസ്‌ഇബിയുടെ വിശദീകരണം എന്നാണ് വിലയിരുത്തല്‍.
നിലമ്ബൂരിലേതിന് സമാനമായ വൈദ്യുതി മോഷണത്തെ കുറിച്ച്‌ കെഎസ്‌ഇബി നിരന്തരം ബോധവത്കരണം നടത്താറുണ്ട്. കാര്‍ഷിക വിള സംരക്ഷണത്തിനായി ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ അപേക്ഷ നല്‍കി അനുമതിയോടെയുള്ള വൈദ്യുതി വേലി മാത്രമേ സ്ഥാപിക്കാവൂ. വൈദ്യുത വേലികള്‍ക്കുവേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003 ലെ ഇലക്‌ട്രിസിറ്റി നിയമത്തിന് വിരുദ്ധവും 3 വര്‍ഷം വരെ തടവും, പിഴയും, രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റമാണെന്നും കെഎസ്‌ഇബി പറയുന്നു.
Previous Post Next Post