ഗാന്ധിനഗർ: കഴിഞ്ഞ ആഴ്ചത്തെ അപകടത്തിനുശേഷം ആദ്യമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ(Air India)യുടെ വിമാനത്തിന് സാങ്കേതിക തകരാർ. ഇതേത്തുടർന്ന് വിമാനം ടേക്ക് ഓഫ് ചെയ്തില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10നാണ് എഐ 159 പറന്നുയരേണ്ടിയിരുന്നത്. യാത്രക്കാർക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്തു നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ എയർ ഇന്ത്യ റദ്ദാക്കുന്ന ആറാമത്തെ വിമാനമാണിത്. തുടർച്ചയായ വിമാന സർവീസ് റദ്ദാക്കലുകൾ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ജൂൺ 12ാം തീയതിയായിരുന്നു രാജ്യത്തെ നടുക്കിയ വിമാനദുരന്തമുണ്ടായത്. എഐ 171 വിമാനമാണ് പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമേ രക്ഷപ്പെട്ടിരുന്നുള്ളൂ. ഇതുകൂടാതെ വിമാനം തകർന്നുവീണ സ്ഥലത്തുണ്ടായിരുന്ന 33 പേർക്കും ജീവൻ നഷ്ടമായിരുന്നു.
അപകടത്തിന് പിന്നാലെ 171 എന്ന ഫ്‌ളൈറ്റ് നമ്പർ എയർ ഇന്ത്യ ഒഴിവാക്കുകയും അതിന് പകരം എഐ 159 എന്ന നമ്പർ നൽകുകയും ചെയ്തിരുന്നു. അപകടത്തിനുശേഷം അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേയ്ക്ക് എയർ ഇന്ത്യയുടെ സർവീസ് ഉണ്ടായിരുന്നില്ല.